
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ കോച്ചുകൾക്കുള്ളിലേക്കും പുറത്തും വലിയ സാധനങ്ങളും ലഗേജുകളും കയറ്റി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനലിലൂടെ കൂറ്റൻ ഇരുമ്പ് പെട്ടി പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ യാത്രക്കാർ പിടിച്ചുവച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെയിനിന് അകത്തിരിക്കുന്ന രണ്ട് യാത്രക്കാർ ചേർന്നാണ് ഈ വലിയ പെട്ടി ജനലിലൂടെ പുറത്തേക്ക് പോകാത്ത വിധം പിടിച്ചുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ റെയിൽവെ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവം നടന്ന സ്റ്റേഷന്റെ പേര്, ട്രെയിൻ നമ്പർ, പരാതിക്കാരന്റെ മൊബൈൽ നമ്പർ എന്നിവ പങ്കുവയ്ക്കാൻ റെയിൽവെ ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഉടനടി പരിഹാരം കാണുന്നതിന് യാത്രക്കാർക്ക് 'റെയിൽമദദ്' ആപ്പ് വഴിയോ,139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെയോ നേരിട്ട് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും റെയിൽവെ അറിയിച്ചു.
ഇത്രയും വലിയ ലഗേജുകൾ ജനറൽ കോച്ചുകളിൽ കയറ്റാൻ യാത്രക്കാർ സംഘം ചേർന്ന് ശ്രമിക്കുന്ന ദൃശ്യങ്ങൾ ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. തിരക്കേറിയ കോച്ചുകളിൽ ഇത്തരം സാധനങ്ങൾ കയറ്റുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
വലിയ സാധനങ്ങളും ലഗേജുകളും കയറ്റി യാത്രക്കാരെ ബുദ്ധിമുട്ടിച്ച സമാനമായ നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ജനറൽ കോച്ചിലേക്ക് ഏതാനും യാത്രക്കാർ ചേർന്ന് ബൈക്ക് വാതിലിലൂടെ ബലമായി തള്ളിക്കയറ്റാൻ ശ്രമിക്കുന്ന വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു. യാത്രക്കാർക്ക് കാലുകുത്താൻ പോലും ഇടമില്ലാത്ത കോച്ചിലേക്ക് മറ്റ് യാത്രാ ലഗേജുകൾക്ക് മുകളിലൂടെയാണ് ഇവർ ബൈക്ക് കയറ്റാൻ ശ്രമിച്ചത്. റെയിൽവെ നിയമപ്രകാരം ഇരുചക്രവാഹനങ്ങൾ ലഗേജ് വാനിൽ മാത്രമേ ബുക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇത് മറികടന്നുകൊണ്ടാണ് പലരും നിയമം ലംഘിക്കുന്നത്.
इस तरह के बक्से स्टेशन पर यह महिला लेकर चली कैसे गई? आगे जाकर यह किसी न किसी खंबे से टकरा जाएगा। pic.twitter.com/YmF35iZppm
— छपरा जिला 🇮🇳 (@ChapraZila) June 4, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |