
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമാണ് നാളെ കുറിക്കുന്നത്. 'ഇന്ദിരാ ഗ്യാരന്റി'യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ ആരംഭിക്കും. യു.ഡി.എഫ് ഇന്ദിരാഗ്യാരന്റികളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാർവത്രികം
പദ്ധതിയുടെ ആദ്യ ഘട്ടമായി, ഇന്നു മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി യുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്‌ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.ടി.എം) വഴി പൂജ്യം മൂല്യമുള്ള 'പ്രിയദർശിനി' ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് കോർപ്പറേഷന്റെ കൈവശമുള്ളത്.
പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണ്ണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെ.എസ്.ആർ.ടി.സി യുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തിൽ സുഗമമായ ക്യാഷ് ട്രാൻസ്ഫർ ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപ്പറേഷൻ സ്വീകരിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും എന്നത് പദ്ധതിയുടെ സ്ത്രീശാക്തീകരണ സന്ദേശം കൂടുതൽ ദൃഢമാക്കുന്നു.
സ്ത്രീ സമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹികസാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബഡ്ജറ്റിൽ മിച്ചം വയ്ക്കാനാകും. യാത്രാച്ചെലവ് എന്ന തടസ്സം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കും. വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തും. ഒപ്പം, സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് കൂടിയാണ് 'പ്രിയദർശിനി' പദ്ധതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെ.എസ്.ആർ.ടി.സി ക്ക് ബസ് സംഭാവന ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അതിനുള്ള സൗകര്യവും ഏർപ്പെടുത്തും;
പുതിയ റൂട്ടുകളുടെ സാധ്യത വിദഗ്ധരുടെ സഹായത്തോടെയും നവീന സാങ്കേതികവിദ്യകളുടെ പിന്തുണയോടെയും ശാസ്ത്രീയമായി പരിശോധിക്കും. സമീപകാലത്തുണ്ടായിട്ടുള്ള നഗരവത്കരണവികസനപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി യാത്രക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടെത്തി, പൊതുജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ രീതിയിൽ പുതിയ റൂട്ടുകൾ രൂപകൽപ്പന ചെയ്യുക എന്നതാണ് ലക്ഷ്യം. ഒപ്പം, പുതിയ രാത്രികാല സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കും.
പുതിയ അദ്ധ്യായം
പദ്ധതിയുടെ നിർവ്വഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും പുതിയ അദ്ധ്യായമാണ് 'പ്രിയദർശിനി' തുറക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും കെ.എസ്.ആർ.ടി.സി.യുടെ ബസുകളിലേക്ക് സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |