SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

മാതൃകാപരമായ തീരുമാനങ്ങൾ

READ ENGLISH VERSION
aa

പൊലീസ് സേനയിൽ നീതിനിഷ്ഠമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് റോസാദളങ്ങളേക്കാൾ കല്ലേറുകളാണ് കൂടുതൽ ലഭിക്കുകയെന്ന് പൊതുവെ പറയാറുണ്ട്. വെല്ലുവിളികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ പ്രൊഫഷനിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടും തന്റെ സംശുദ്ധമായ വ്യക്തിത്വത്തിന് ഒരു പോറലുമേൽക്കാതെ ഔദ്യോഗിക കൃത്യനിർവഹണം പൂർത്തിയാക്കിയ സമർത്ഥനായ ഐ.പി.എസ് ഓഫീസറാണ് മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ.

ഏൽപ്പിച്ച പദവികളിലെല്ലാം മികവു കാട്ടിയിട്ടും ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് മേധാവിയാകാനുള്ള അവസരം കഴിഞ്ഞ സർക്കാർ അദ്ദേഹത്തിനു നൽകാതിരുന്നത് ഭരണവൃന്ദത്തിന്റെ നിക്ഷിപ്ത താത്പര്യങ്ങൾക്ക്

വഴങ്ങില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു. പക്ഷേ, അത് കേരളത്തിന്റെയും പൊലീസ് സേനയുടെയും നഷ്ടമായി മാറി. മാത്രമല്ല ദേശീയ തലത്തിലും കേരളത്തിലും പൊലീസ് പരിഷ്കരണശ്രമങ്ങളിൽ പങ്കാളിയായിട്ടുള്ള അദ്ദേഹത്തിന്റെ സേവനം സർവീസിൽ നിന്ന് വിരമിച്ചശേഷവും പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാർ പ്രയോജനപ്പെടുത്തിയില്ല. അതേസമയം മോശം പ്രതിച്ഛായയുള്ള പലർക്കും വിരമിച്ചശേഷവും ലാവണങ്ങൾ നൽകുകയും ചെയ്തു.

സമൂഹം ആദരവോടെ നോക്കിക്കാണുന്ന ഹേമചന്ദ്രനെ തന്റെ ഉപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തീരുമാനത്തിന്റെ പ്രാധാന്യം എന്തുകൊണ്ടും സവിശേഷശ്രദ്ധയാകാർഷിക്കുന്നത് ഇതൊക്കെ കൊണ്ടാണ്. ഒന്ന് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ രമേശ് ആഗ്രഹിക്കുന്നു. രണ്ട് ഹേമചന്ദ്രനെപ്പോലെ അനുഭവസമ്പത്തും ക്ളീൻ ഇമേജുമുള്ള ഒരു മുൻ പൊലീസ് ഓഫീസറെ ഉപദേഷ്ടാവായി തിരഞ്ഞെടുത്തതിലൂടെ നൂതനമായ പല ആശയങ്ങളും ജനഹിതാനുസരണം നടപ്പിൽ വരുത്താനും കഴിയും. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രമേശ് ആഭ്യന്തരമന്ത്രിയായിരിക്കെ ഹേമചന്ദ്രൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. എന്തായാലും തികച്ചും ഉചിതമായ ഈ തീരുമാനം കൈക്കൊണ്ട മന്ത്രി രമേശ് ചെന്നിത്തല

അഭിനന്ദനമർഹിക്കുന്നു. ഈ പദവി സ്വീകരിച്ച ഹേമചന്ദ്രനാകട്ടെ യാതൊരു വേതനമോ ആനുകൂല്യമോ അതിനായി സ്വീകരിക്കാനും തയ്യാറായില്ല. തികച്ചും അഭിനന്ദനാർഹമായ മാതൃകയാണ് ഇത്. മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തുന്നതും ഈ സമീപനരീതിയാണ്. മേലധികാരികൾ ആരുമാകട്ടെ അരുതാത്തത് ആവശ്യപ്പെട്ടാൽ 'നോ" പറയാൻ എല്ലാവരെക്കൊണ്ടും കഴിയുകയില്ല. എന്നാൽ ഹേമചന്ദ്രൻ അങ്ങനെയല്ല. തെറ്റായ കാര്യങ്ങൾ കണ്ടാൽ അത് ശ്രദ്ധയിൽപ്പെടുത്താൻ മടിക്കുകയില്ല. വളരെ വിനയമുള്ളതും ലളിതവുമാണ് ശൈലിയെങ്കിലും പറയാനുള്ള കാര്യങ്ങൾ യാതൊരു മടിയും കൂടാതെ അദ്ദേഹം പറയും. നോ പറയേണ്ടിടത്ത് നോ തന്നെ പറയും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവും പഴികേട്ടത് പൊലീസിന്റെ തെറ്റായ ചെയ്തികളായിരുന്നു. പൊലീസിനെക്കൊണ്ട് വഴിവിട്ട കാര്യങ്ങൾ ചെയ്യിച്ചതിന്റെ അനവധി ഉദാഹരണങ്ങൾചൂണ്ടിക്കാട്ടാനുമാകും. അതുകൊണ്ടുതന്നെ രമേശിന്റെ ഉത്തരവാദിത്ത്വം ഭാരിച്ചതാണെന്ന് പറയേണ്ടതില്ല.

'അധികാരത്തിന്റെ വഴി,അനീതിയുടെയും" എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ഹേമചന്ദ്രൻ ഇങ്ങനെ എഴുതുന്നു: 'ജനാധിപത്യ ഭരണക്രമം എന്നത് നിയമവാഴ്ചയാണെന്നും, നിയമം നിയമത്തിന്റെ വഴി പോകുമെന്നുമുള്ള തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങൾ. രാഷ്ട്രീയ-സാമ്പത്തിക-ഉദ്യോഗസ്ഥ-സ്വാധീനമുള്ള സ്ത്രീ പീഡകന്റെ മുന്നിൽ നിയമം നിശ്ചലമാകുന്നു. ദുർബലരായ മനുഷ്യൻ നിരപരാധിത്വം തെളിയിക്കാനാവാതെ നിയമക്കുരുക്കിൽപ്പെട്ടു പിടയുന്നു. നിയമം പ്രതിയുടെ വഴിയെ സഞ്ചരിക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യൻ നിസ്സഹായനായി നിൽക്കുന്നു. മുഖം നോക്കാതെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധികാരശക്തികളുടെ പ്രതികാര നടപടികൾക്കിരയാകുന്നു. ഇങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങൾ അവഗണിക്കുക വയ്യ. അപ്രിയ യാഥാർത്ഥ്യങ്ങൾ

മറന്നുകൊണ്ട് കേരള പൊലീസ് എന്ന് കേട്ടയുടൻ തിളയ്ക്കുന്ന ചോര എന്റെ ഞരമ്പുകളിൽ ഓടുന്നില്ല." -വളരെ ആത്മാർത്ഥതയോടെ എഴുതിയതാണീ വാക്കുകൾ. ഈ അവസ്ഥയ്ക്കൊക്കെ മാറ്റം കുറിക്കാനുള്ള ശ്രമം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY