
ഒരു മാസത്തെ നഷ്ടം 17.5 കോടി
പാലക്കാട്: ചെക്പോസ്റ്റുകളുടെ പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാക്കി കുറച്ചതോടെ സംസ്ഥാനത്തിന് നഷ്ടം കോടികൾ.
രാത്രികാലത്ത് നിർബാധം കടന്നുപോകാൻ അവസരം കിട്ടിയതോടെ, ചരക്കുവാഹനങ്ങൾ അതിർത്തിക്ക് അപ്പുറത്തു കാത്തുകിടന്നശേഷം രാത്രിയോടെ കേരളത്തിലേക്ക് പ്രവേശിക്കുകയാണ്.
കഴിഞ്ഞ ഒരുമാസം മാത്രം വാളയാറിലെ മോട്ടർ വാഹന വകുപ്പ് ചെക്‌പോസ്റ്റിൽ പിഴ ഇനത്തിൽ നഷ്ടമായത് പതിനേഴരക്കോടിയോളമാണ്.
അനധികൃത ചരക്കു കടത്ത്, അമിതഭാരം കയറ്റൽ, രേഖകളിൽ ക്രമക്കേട്, പെർമിറ്റില്ലാതെ ചരക്കു കടത്തൽ തുടങ്ങിയ നിയമന ലംഘനങ്ങൾ കണ്ടെത്തിയാണു പിഴ ഈടാക്കുക.
അതേസമയം, തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ അതിർത്തി ചെക്‌പോസ്റ്റ് കെ.ജെ ചാവടിയിൽ നിന്നു വാളയാറിലെ കേരള ചെക്‌പോസ്റ്റിനു സമീപത്തേക്കു മാറ്റുകയും ഒരു മാസത്തിനിടെ പിഴ ഇനത്തിൽ 18 കോടി രൂപ അവർക്ക് ലഭിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള കേരള മോട്ടർ വാഹന വകുപ്പ് ചെക്‌പോസ്റ്റിൽ നിന്നു സർക്കാരിലേക്ക് അടച്ചത് 56,000 രൂപ മാത്രം. കഴിഞ്ഞ സർക്കാരാണ് കേരളത്തിലെ ചെക്‌പോസ്റ്റിന്റെ പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാക്കി ചുരുക്കിയത്. അമിത ഭാരവും മറ്റും കണ്ടെത്താൻ ആധുനിക സൗകര്യങ്ങളില്ലാത്തതും തിരിച്ചടിയാണ്. ഒരു ദിവസം ഇരുപതിനായിരത്തോളം ചരക്കു വാഹനങ്ങളാണു വാളയാർ കടന്നെത്തുന്നത്.
വെർച്വൽ ചെക്‌പോസ്റ്റ്
വന്നാൽ ഫലപ്രദം
#ചെക്‌പോസ്റ്റുകൾ അഴിമതിരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന അതിർത്തികളിൽ നടപ്പാക്കുന്ന വെർച്വൽ ചെക്‌പോസ്റ്റ് പദ്ധതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
#വെർച്വൽ ചെക്‌പോസ്റ്റ് വരുന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്കു തിരുവനന്തപുരത്തിരുന്നു ചെക്‌പോസ്റ്റ് നടപടികൾ നിരീക്ഷിക്കാനാകും. ചെക്‌പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുമാകും. മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ഓൺലൈൻ സംവിധാനവുമായും ഇതു ബന്ധിപ്പിക്കും.
# വാളയാർ ചെക്‌പോസ്റ്റിൽ കാമറകളും സ്‌കാനറുകളും സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ സർവേ നടപടികൾ കഴിഞ്ഞ നവംബറിൽ പൂർത്തിയാക്കിയിരുന്നു.
വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, നടുപ്പുണി, ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിങ്ങനെ ജില്ലയിൽ 8 ചെക്‌പോസ്റ്റുകളാണു മോട്ടർ വാഹന വകുപ്പിനു കീഴിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |