കൊച്ചി: ടിക്കറ്റ് റിസർവേഷൻ ശേഷി ആഗസ്റ്റോടെ അഞ്ചിരട്ടി വർദ്ധിപ്പിക്കാൻ റെയിൽവേ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾക്കായി 1000 കോടി രൂപ വകയിരുത്തി. മിനിട്ടിൽ 32,000 റിസർവേഷൻ എന്നത് 1.5 ലക്ഷമാക്കും. എ.ഐ സഹായത്തോടെയാണിത്.
റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സർവീസ് (പി.ആർ.എസ്) അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് കൗണ്ടറുകളും ബുക്കിംഗ് ആപ്പുകളും ഐ.ആർ.സി.ടി.സി വെബ്സൈറ്റും പ്രവർത്തിക്കുന്നത്. പി.ആർ.എസിൽ സമഗ്ര പരിഷ്കരണം 1986നുശേഷം ആദ്യമായാണ്. ഐ.ആർ.സി.ടി.സി സൈറ്റും അടുത്തമാസം പുതുക്കും. വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റ് കൺഫേം ആകാനുള്ള സാദ്ധ്യതയിൽ 94% കൃത്യത വരുത്തും.
തത്കാൽ ബുക്കിംഗ് ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കിയതോടെ അനധികൃത ബുക്കിംഗുകൾ നടത്തിയിരുന്ന 3.03 കോടി യൂസർ ഐ.ഡികൾ നീക്കം ചെയ്യാനായി. ഒരു വർഷത്തിനിടെ 12,819 ഇ-മെയിൽ ഡൊമെയ്‌നുകളും തടഞ്ഞു. 2002ലാണ് റെയിൽവേ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചത്. നിലവിൽ 88% ബുക്കിംഗും ഓൺലൈനാണ്.
പരിഹാരമാകുന്നത്
1 ബുക്കിംഗ് കൂടുന്ന സമയങ്ങളിലെ സെർവർ തകരാറുകൾ, പ്രോസസിംഗ് കാലതാമസം
2 തത്കാൽ ടിക്കറ്റുകൾക്ക് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് തത്ക്ഷണം കൂട്ട ബുക്കിംഗ്
3 കാപ്റ്റ്ച്ച (Captcha) കോഡിലെ അവ്യക്തത, വെയ്റ്റിംഗ് ലിസ്റ്റിലെ അനിശ്ചിതത്വം
റെയിൽവേ യാത്രക്കാർ
(2025 മാർച്ച്- 2026 മാർച്ച്)
ഇന്ത്യയിൽ: 741 കോടി
കേരളത്തിൽ: 9 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |