SignIn
Kerala Kaumudi Online
Friday, 19 June 2026 12.32 AM IST

കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രക്ക് റോഡിലിറക്കി; പരിശോധനയ്‌ക്കെത്തി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍

kerala

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായ കാല്‍വയ്പ്പിലേക്ക്. തുറമുഖത്ത് നിന്ന് ആഭ്യന്തരമായുള്ള കയറ്റുമതിക്ക് മുന്നോടിയായി കണ്ടെയ്‌നര്‍ വഹിച്ചുകൊണ്ടുള്ള ഗതാഗതത്തിന്റെ ട്രയല്‍ റണ്‍ നടത്തി. തുറമുഖത്ത് നിന്ന് നാഷണല്‍ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മിച്ച റോഡിലാണ് ട്രയല്‍ റണ്‍ നടത്തിയത്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഉപയോഗിച്ചത്.

കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് തുറമുഖത്തുനിന്ന് സര്‍വീസ് റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് വെള്ളാര്‍ ജംഗ്ഷനിലെത്തി തിരികെ കാഞ്ഞിരംകുളം ഭാഗത്തേക്ക് പോകുകയുമായിരുന്നു. അവിടെ നിന്ന് യു ടേണ്‍ എടുത്ത് തലയ്ക്കോട് ഭാഗത്ത് എത്തി സര്‍വീസ് റോഡുവഴി തിരികെ തുറമുഖത്തേക്ക് മടങ്ങുകയും ചെയ്തു. അനുമതി ലഭിക്കുന്ന മുറയ്ക്ക് തുറമുഖത്ത് നിന്ന് ആഭ്യന്തര കയറ്റുമതിക്ക് ട്രക്കുകള്‍ കണ്ടെയ്‌നര്‍ വഹിച്ചുകൊണ്ട് പോകേണ്ട പാതയില്‍ തന്നെയാണ് ട്രയല്‍ റണ്‍ നടത്തിയത്.

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് ദേശീയപാതയിലൂടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ദേശീയപാതയില്‍ കണ്ടെയ്നര്‍ ട്രക്കുകള്‍ കടന്നുവരുമ്പോള്‍ ഗതാഗത സംവിധാനം സജ്ജമാക്കുന്നതിന് മുന്നോടിയായിട്ടായരുന്നു ട്രയല്‍ റണ്‍. കണ്ടെയ്‌നറുകളുമായി ട്രക്കുകള്‍ കൂടി പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രയല്‍ റണ്‍ നടത്തിയത്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളും ദൃശ്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക. തുറമുഖത്തുനിന്ന് 1.7 കിലോമീറ്ററാണ് ദേശീയപാതയിലേക്കുള്ള റോഡിന്റെ ദൂരം. മുല്ലൂര്‍-പൂവാര്‍ റോഡിന്റെ തുറമുഖഭാഗത്തുനിന്ന് രണ്ട് മേല്‍പ്പാലങ്ങളിലൂടെയാണ് റോഡ് ദേശീയപാതയിലേക്ക് വന്നുചേരുന്നത്. ദേശീയപാതയില്‍ ചേരുന്നിടത്ത് സര്‍വീസ് റോഡുകളോട് ചേര്‍ന്നാണ് പുതിയ പാതകള്‍ നിര്‍മിച്ചത്. അടുത്ത മാസംതന്നെ വിദേശത്തേക്കുള്ള കയറ്റുമതിയും രാജ്യത്തേക്കുള്ള ഇറക്കുമതിയും വിഴിഞ്ഞം വഴി ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA