
തിരുവനന്തപുരം: 'രക്ഷാപ്രവർത്തന"കേസ് അട്ടിമറിയിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിലേക്ക് തിരിച്ചു. ഡിവൈ.എസ്.പി ബൈജുപൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലും പേരൂർക്കട പൊലീസ് ക്ലബിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. അജിത് ക്രമസമാധാന ചുമതലയിലിരിക്കെ, അദ്ദേഹത്തിന്റെ ഓഫീസിലാണ് പ്രതികളെ രക്ഷിക്കാൻ കേസ് ഡയറിയടക്കം രേഖകൾ തിരുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
നവകേരള സദസ് യാത്രയ്ക്കിടെ ഗൺമാൻമാർ നടത്തിയ മർദ്ദനം ചട്ടവിരുദ്ധമാണെന്നും ക്രിമിനൽ കുറ്റമാണെന്നുമാണ് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നാലെ അന്വേഷണസംഘത്തെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഗ്രേഡ് എസ്.ഐമാരായ ശ്രീകാന്ത്, വിജേഷ് എന്നിവർ ചേർന്ന് ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമായി തിരുത്തിച്ചു. എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് ഫയലുകൾ തിരുത്തിയതെന്നാണ് ഇവരുടെ മൊഴി.
2024ഓഗസ്റ്റ് 12, 13, 14, 15 തീയതികളിലാണ് ആദ്യ അന്വേഷണ സംഘത്തെ പേരൂർക്കട എസ്.എ.പി ക്യാമ്പിനടുത്തുള്ള എ.ഡി.ജി.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. സന്ദർശക രജിസ്റ്ററിൽ ഇവർ വന്ന സമയവും പോയ സമയവും രേഖപ്പെടുത്തിയിരുന്നു. ഇത് എസ്.ഐ.ടി ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പകർത്തി. 13, 14 തീയതികളിൽ പേരൂർക്കടയിലെ 'അഗസ്ത്യ' പൊലീസ് ക്ലബിലാണ് ആദ്യ അന്വേഷണ സംഘം താമസിച്ചത്. അവിടെ മുറിയെടുത്തതിന്റെ രേഖകളും ശേഖരിച്ചു. ആദ്യമായാണ് ക്രമസമാധാന എ.ഡി.ജി.പിയുടെ ഓഫീസിൽ അന്വേഷണത്തിന്റെ ഭാഗമായ പരിശോധന.
ഡി.ജി.പി റാങ്ക് തുലാസിൽ
അടുത്തമാസം ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. രേഖകൾ തിരുത്തിയെന്ന് തെളിഞ്ഞാൽ വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം അട്ടിമറിച്ചതിനുമടക്കം കേസെടുക്കാനിടയുണ്ട്. ബിവറേജസ് കോർപറേഷൻ ചെയർമാനാണ് ഇപ്പോൾ അജിത്കുമാർ.
'രക്ഷാപ്രവർത്തന' കേസ്:
പൊലീസുകാർക്ക് നോട്ടീസ്
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. ജൂലായ് 20നകം ഇവർ എതിർ സത്യവാങ്മൂലം നൽകണം.
പിണറായിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എസ്. അനിൽകുമാർ (അനിൽ കല്ലിയൂർ), എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെയാണ് ഹർജി. വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് വസ്തുതകൾ പരിഗണിക്കാതെയാണെന്ന് സർക്കാർ വാദിക്കുന്നു.
2023 ഡിസംബറിൽ ആലപ്പുഴയിൽ വച്ച് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ സുരക്ഷാ സംഘാംഗങ്ങൾ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ മർദിച്ചെന്നാണ് കേസ്. പിണറായി ഇതിനെ 'രക്ഷാപ്രവർത്തനം" എന്ന് വിശേഷിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |