
കൊച്ചി: കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ തസ്തികയിൽ ഡോ. ജോസഫ് സ്‌കറിയയ്‌ക്ക് നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒന്നാം റാങ്കുകാരനായ തനിക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ജോസഫ് സ്‌കറിയ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മറ്റ് രണ്ടു പേർ ജോസഫ് സ്കറിയയ്‌ക്കെതിരെ നൽകിയ ഹർജികൾ തള്ളിയാണ് ഉത്തരവ്. ജോസഫ് ഓൺലൈനിൽ ബന്ധപ്പെട്ട രേഖകൾ യഥാസമയം ഫയൽ ചെയ്തിരുന്നില്ലെന്നും നിയമനം നൽകരുതെന്നുമായിരുന്നു ഡോ.സി.ജെ. ജോർജ്, ഡോ. ജ്യോതിസ്‌കുമാർ എന്നിവരുടെ വാദം. സാങ്കേതിക തടസങ്ങളാണ് ഇതിന് കാരണമെന്നും യഥാസമയം ജോസഫ് സ്‌കറിയ സർവകലാശാലയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും കോടതിക്ക് ബോദ്ധ്യപ്പെട്ടു. 2021ൽ കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി സി.പി.എം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാൻ നടത്തിയ നീക്കത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത് ജോസഫ് സ്‌കറിയ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |