കൊച്ചി മെട്രോ റെയില്‍ | ഫോട്ടോ: facebook.com/KochiMetroRail
കൊച്ചി: യാത്രക്കാരുടെ തിരക്ക് പതിവായി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കൊച്ചി മെട്രോയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തിലാകും. ജൂലായ് 22 (ബുധനാഴ്ച) മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ ഉള്‍പ്പെടെ മാറ്റം വരും. തിരക്കേറിയ സമയങ്ങളില്‍ ആകെ സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി യാത്രക്കാരുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയതിന്റെ ഭാഗമായിട്ടാണ് മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.
പ്രവര്‍ത്തി ദിവസങ്ങളായ തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെയുള്ള ആറ് ദിവസങ്ങളിലാണ് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. രാവിലെ എട്ട് മുതല്‍ പത്ത് മണി വരേയും വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഏഴ് മണി വരേയും നടത്തുന്ന സര്‍വീസുകളുടെ എണ്ണത്തിലാണ് വര്‍ദ്ധനവ്. ഓരോ ആറ് മിനിറ്റും 45 സെക്കന്‍ഡും കൂടുമ്പോള്‍ ട്രെയിന്‍ സര്‍വീസ് എന്നതാണ് പുതിയ മാറ്റം. പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു വശത്തേക്ക് പ്രതിദിനം എട്ട് സര്‍വീസുകളാണ് അധികമായി ഓടുക.
പുതിയ ക്രമീകരണങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ യാത്രക്കാര്‍ക്ക് ട്രെയിനിനായുള്ള കാത്തിരിപ്പ് സമയം കുറയും എന്നതാണ് പ്രധാന മാറ്റം. അതോടൊപ്പം ട്രെയിനുകളിലെ തിരക്കും ഗണ്യമായി കുറയും എന്നതാണ് മറ്റൊരു സവിശേഷത. അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ അറിയിച്ചു.
kochi metro rail to undergo service adjustments from july 22 onwards
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |