SignIn
Kerala Kaumudi Online
Friday, 19 June 2026 12.31 AM IST

ഗവര്‍ണര്‍ സമാന്തര അധികാരകേന്ദ്രമാകുന്നത് അത്യന്തം ഗുരുതരം, ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ പിണറായി

pinarayi-vijayan

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ യോഗം നേരിട്ടുവിളിച്ചുകൂട്ടി നിര്‍ദേശങ്ങള്‍ നല്‍കിയ നടപടി അത്യന്തം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ ഈ നീക്കം ഭരണഘടനാ കീഴ്വഴക്കങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും നഗ്‌നമായ ലംഘനമാണ്.

സാധാരണയായി മന്ത്രിസഭയുടെ ഉപദേശനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍, ഇവിടെ ഒരു സമാന്തര അധികാര കേന്ദ്രമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ അധികാരങ്ങളുടെ ലംഘനവുമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഏത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതെന്നും സാഹചര്യം അത്യന്തം ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈ വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇതുവരെ പ്രതികരിക്കാത്തതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. പുതുതായി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വല്ലാതെ കാണിക്കുന്നു എന്ന തരത്തില്‍ വലിയ രീതിയിലുള്ള പൊതുആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട്. ലഭിച്ച അവസരം ശരിയായ രീതിയില്‍ ഉപയോഗിക്കാനാണ് ഗവര്‍ണറും തയ്യാറാകുന്നതെന്നും പിണറായി വിജയന്‍ പരഞ്ഞു. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ അന്തസ്സാണ്. സംസ്ഥാനത്തിന്റെ അന്തസ് കാത്തു സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ഓര്‍മിക്കണം. കേരളം അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണിതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.


ഈ മാസം16നാണ് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ഗവര്‍ണര്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദേശവും നല്‍കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA