SignIn
Kerala Kaumudi Online
Friday, 19 June 2026 1.24 AM IST

പി.എം ശ്രീയിൽ പിണറായി: യു.ഡി.എഫ് കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങുന്നു, ഒപ്പിട്ടതുകൊണ്ടു മാത്രം നടപ്പാക്കണമെന്നില്ല

a

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ടു മാത്രം പദ്ധതി നടപ്പാകില്ല. അധികാരത്തിൽ വന്നാൽ പി.എംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലിൽ ഒഴുക്കുമെന്നും കോൺഗ്രസും ലീഗും പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോൾ പദ്ധതി നടപ്പാക്കാൻ കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണം. എൽ.ഡി.എഫ് അധികാരത്തിൽ തുടർന്നിരുന്നുവെങ്കിൽ മരവിപ്പിച്ച പദ്ധതി ആ നിലയിൽ തുടർന്നേനെ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്.എസ്.കെ ഫണ്ട് തടഞ്ഞുവയ്ക്കുകയും വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും ധാരണാപത്രം അനുസരിച്ചുള്ള ഒരു നടപടിയുമായും മുന്നോട്ട് പോയില്ല. ഒരു മാസത്തിനകം കരാർ മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയച്ചു.


ധാരണാപത്രം ഒപ്പിട്ടാൽ പിന്നോട്ട് പോകാനാകില്ലെന്നത് തെറ്റായ വാദമാണ്. ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാനാകും. പിൻമാറാൻ കഴിയില്ലെന്ന നിയമോപദേശം കിട്ടിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണം. പുതിയ സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ടുപോകൂ. കേന്ദ്രസർക്കാർ എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടോ. ഉദ്ദേശ്യശുദ്ധി വിശദീകരിക്കേണ്ടത് യു.ഡി.എഫാണ്.

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം

യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പിണറായി വിജയൻ. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ല. സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവർണറും ശരിയായി ഉപയോഗിക്കുന്നു. മുമ്പ് ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും ഗവർണർ നേരിട്ട് വിളിച്ചപ്പോൾ സർക്കാർ അതിനെതിരെ നിലപാട് എടുത്തിരുന്നു.

സ്ത്രീ സുരക്ഷാ പദ്ധതി തകർക്കാൻ നീക്കം

പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയും ചെയ്യുമ്പോഴും ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നില്ല. ഭരണാനുകൂല സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നത്. സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി. ധനവകുപ്പ് രണ്ടുമാസമായി ഇതിനുള്ള തുക തടഞ്ഞുവച്ചു. പദ്ധതിയെ പൂർണമായും തകർക്കാനുള്ള അണിയറ നീക്കം നടക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA