SignIn
Kerala Kaumudi Online
Saturday, 06 June 2026 8.21 AM IST

ജനം വിധിച്ചു,​ കടക്കൂ പുറത്ത് ; 35 സീറ്റിലേക്ക് ഇടതുപക്ഷം മൂക്കുകുത്തി

READ ENGLISH VERSION
s

കോഴിക്കോട്: ജനം വിധിച്ചു,കടക്കൂ പുറത്ത്. 2021 ൽ നേടിയ 99 ൽ നിന്ന് 35 സീറ്റിലേക്ക് ഇടതുപക്ഷം മൂക്കുകുത്തിയപ്പോൾ മുന്നണിക്ക് നേതൃത്വം നൽകിയ സി.പി.എമ്മിനോട് പൊതുജനം പറഞ്ഞത് ഇതു തന്നെയാണ്.

പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തന ശൈലിയെ ജനം വെറുത്തുപോയതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. പിണറായിയുടെ അപ്രമാദിത്വം അവസാനിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും പാർട്ടി സെക്രട്ടറി ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിനും പാർട്ടിക്കുവേണ്ടി ജീവൻ നൽകിയ രക്തസാക്ഷിയുടെ ഫണ്ട് വെട്ടിച്ചുവെന്ന് തുറന്നടിച്ച നേതാവിനെ പുറത്താക്കിയതിനുമെല്ലാം ജനം നൽകിയ മറുപടി. അത് ഇത്രയും കഠിനമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് കരുതിയ കണ്ണൂരും കോഴിക്കോടും കൂട്ടത്തോൽവി നേരിട്ടത് സി.പി.എമ്മിൽ രാഷ്ട്രീയ കലാപത്തിന് വഴിയൊരുക്കും. തിരഞ്ഞെടുപ്പിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും നേരെ ചോദ്യങ്ങൾ ഉയരും.
അരലക്ഷം വോട്ടിനു മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ആറാം റൗണ്ട് എണ്ണുമ്പോഴും പിറകിലായി പ്പോയതിന്റെ ഞെട്ടൽ മാറിയിട്ടില്ല.

മുഖ്യമന്ത്രിയുടെ ശൈലി എതി‌‌ർപ്പായി

ഇത്തവണ വിവാദങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ശബരിമല കൊള്ളയിൽ പാർട്ടി നേതാക്കൾ പ്രതികളായിട്ടും പുറത്താക്കാതിരുന്നത്, ആശവർക്കർമാരുടെ സമരത്തോട് കാട്ടിയ ക്രൂരമായ അവഗണന. പ്രമുഖരായ ജി.സുധാകരൻ, ടി.കെ. ഗോവിന്ദൻ, പി.കെ. കുഞ്ഞികൃഷ്ണൻ, ഐഷ പോറ്റി അടക്കം അര ഡസൻ നേതാക്കൾ പാർട്ടി വിട്ടത് തുടങ്ങിയ സംഭവങ്ങൾ ജനപിന്തണ ചോരാൻ ഇടയാക്കി.

പിണറായിയുടെ വാവിട്ട വാക്കുകൾ ജനങ്ങളിൽ അവജ്ഞ ഉളവാക്കി. വീട്ടിൽപോയി ചോദിക്ക്.., ഡാഷ്‌മോനേ രേവന്തേ..., നുണയൻ സതീശൻ തുടങ്ങിയ പ്രയോഗങ്ങളെല്ലാം പാർട്ടി അണികളിലും ജനങ്ങളിലും അവമതിപ്പുണ്ടാക്കി.

കൊടിവെച്ച കാറിൽ 40 വാഹനങ്ങളുടെ അകമ്പടിയോടെ കടന്നുപോകുന്ന മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് പുച്ഛമാണ് തോന്നിയത്. ആദ്യ സർക്കാരിലെ പ്രാപ്തരായ മന്ത്രിമാരെയെല്ലാം വെട്ടി തനിക്ക് താത്പര്യമുള്ളവരെ മാത്രം മന്ത്രിമാരാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് സർവ അധികാരങ്ങളുടെയും കേന്ദ്രമായി.

വകുപ്പുകളുടെ നിറംമങ്ങിയ പ്രകടനം

മന്ത്രിമാരുടെ കൂട്ടത്തോൽവിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. വി.എസ്.അടക്കമുള്ള മുഖ്യമന്ത്രിമാരുടെ കാലത്തെല്ലാം സർക്കാരിന്റെ നിയന്ത്രണം പാർട്ടിക്കായിരുന്നു. പ്രചാരണ വാക്യമായ എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ടെന്നത് അഹങ്കാരമായാണ് ജനങ്ങൾക്ക് തോന്നിയത്. പാർട്ടി സെക്രട്ടറി ഒഴിഞ്ഞ സീറ്റിലേക്ക് ഭാര്യയെ പരിഗണിക്കുന്നത് ശരിയല്ലെന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മുന്നറിയിപ്പ് അവഗണി​ച്ചതും വിനയായി.


 പണികൊടുത്തത്

കണ്ണൂർ ലോബിയോ..?

ഇടത് സർക്കാരിനും സി.പി.എമ്മിനും എട്ടിന്റെ പണികൊടുത്തതിനു പിന്നിൽ കണ്ണൂർ ലോബിയെന്ന് ആരോപണം. പിണറായിയും കെ.കെ.ശൈലജയുമൊഴിച്ചാൽ കണ്ണൂരിൽ നിന്ന് പ്രമുഖ നേതാക്കളാരും ഇത്തവണ മത്സര രംഗത്തില്ലായിരുന്നു . സ്വകാര്യമായി അവരെല്ലാം പണികൊടുത്തതാണ് കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് അഞ്ചിലേക്ക് ചുരുങ്ങിയതിന് പിന്നിലെന്നാണ് അഭ്യൂഹം. മൂന്ന് ജയരാജൻമാർ അടക്കം മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.സിറ്റിംഗ് സീറ്റിൽ നിന്ന് കെ.കെ.ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതും തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA