ആലപ്പുഴ : കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പായതോടെ ജലഗതാഗത വകുപ്പിന് കീഴിലുള്ള യാത്രാബോട്ടുകളോട് 'ബൈ' പറഞ്ഞ് സ്ത്രീയാത്രക്കാർ. ആലപ്പുഴയിൽ നിന്നുള്ള കാവാലം, തട്ടാശേരി, കൈനകരി സർവീസുകളിലെ സ്ത്രീയാത്രക്കാരാണ് വർഷങ്ങളായി സഞ്ചരിച്ചിരുന്ന ബോട്ടുകൾ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സിയുടെ ഭാഗമായത്.
ബോട്ടുയാത്രക്കാരിൽ 60 ശതമാനവും സ്ത്രീകളായിരുന്നുവെന്നിരിക്കെ അവരുടെ കൂടുമാറ്റം ജലഗതാഗത ബോട്ടുകളുടെ വരുമാനത്തിൽ കുറവുവരുത്താൻ ഇടയാക്കും.
ബസുകളേക്കാൾ കുറഞ്ഞനിരക്കിലാണ് ജലഗതാഗത ബോട്ടുകൾ സർവീസ് നടത്തുന്നത്. ഓർഡിനറി ബസുകളിൽ 10 രൂപ മിനിമം ചാർജ് ഈടാക്കുമ്പോൾ ബോട്ടുകളിൽ 6 രൂപയാണ് ഇപ്പോഴും മിനിമം നിരക്ക്. കായലുകളാൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജനങ്ങളുടെ തലമുറകളായുള്ള യാത്രാമാർഗമാണ് ബോട്ടുകൾ. യാത്രക്കൂലിയിലെ കുറവ് കാരണം ബസ് സർവീസുകളുള്ള പ്രദേശങ്ങളിൽ നിന്നുപോലും ധാരാളം പേർ ആലപ്പുഴയിലെത്താനും തിരികെ പോകാനും ബോട്ടുകളെയാണ് ആശ്രയിച്ചുവന്നത്. 2017ലെ യാത്രാ നിരക്കിലാണ് ഇപ്പോഴും ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്നത്.
കൈനകരിയ്ക്ക് ആളില്ല
നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ ആശ്രയമായിരുന്ന കൈനകരി ബോട്ട് സർവീസ് കഴിഞ്ഞ രണ്ടുദിവസമായി കാലിയാണ്
വൈകുന്നേരം 5.40നും 6.35നും നിറയെ യാത്രക്കാരുമായിരുന്ന ബോട്ട് നാലിലൊന്നു യാത്രക്കാരുമായാണ് ഇപ്പോൾ സവാരി നടത്തുന്നത്
ആലപ്പുഴയിൽ നിന്ന് 8 രൂപയ്ക്ക് ഒരുമണിക്കൂറെടുത്ത് കൈനകരിയിലെത്തിയിരുന്ന യാത്രക്കാർ പ്രിയദർശിനി വന്നതോടെ കൈനകരി ബസിലാണ് ഇപ്പോൾ യാത്ര. അരമണിക്കൂർ നേരത്തെയെത്തുകയും ചെയ്യും
കാവാലത്ത് നിന്ന് തട്ടാശേരി വഴിയുള്ള ബോട്ടുകളിലും സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. ബോട്ടിന്റെ സമയത്ത് തട്ടാശേരിയിൽ നിന്നുള്ള ട്രാൻ.ബസുകളിലാണ് സ്ത്രീകളുടെ യാത്ര
ബോട്ടുകളും 'പ്രിയദർശിനി' യാകുമോ?
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലും പ്രിയദർശിനി സൗജന്യയാത്ര സേവനം ലഭ്യമാക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായി. ഇക്കാര്യം ഉന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. നിലവിൽ തുച്ഛമായ യാത്രാ നിരക്ക് മാത്രം ഈടാക്കുന്ന ബോട്ടുകളിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുളവാക്കുന്ന കാര്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബോട്ട് മാത്രം ആശ്രയം
ബസുകൾ കടന്നുചെല്ലാത്ത കൈനകരിയുടെ വടക്കൻ മേഖലകൾ, കുപ്പപ്പുറം, മംഗലശേരി, ചെറുകായൽ, വേണാട്ടുകാട് തുടങ്ങിയ പ്രദേശങ്ങൾക്ക് ബോട്ടാണ് ആശ്രയം.
ബോട്ടുകളിലും കെ.എസ്.ആർ.ടി.സിയിലേതുപോലെ സ്ത്രീ യാത്രക്കാർക്ക് സൗജന്യയാത്ര ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം
- സുമംഗല, കുപ്പപ്പുറം
ട്രാൻ. ബസുകളിലെ സൗജന്യയാത്രയെത്തുടർന്ന് ചില ബോട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മാസാവസാനമുള്ള കളക്ഷൻ റിപ്പോർട്ടിൽ മാത്രമേ വരുമാനത്തിലെ വ്യത്യാസം മനസിലാക്കാനാകൂ
- ജലഗതാഗത വകുപ്പ് ഓഫീസ്, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |