കാളികാവ്: മലയോര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തൊഴിലാളി ക്ഷാമം.മലയോരത്ത് കർഷകർക്ക് കൃഷിയും ആദായവുമൊക്കെ ഉണ്ടെങ്കിലും വന്യമൃഗ ഭീഷണി മൂലം പണിയെടുക്കാൻ ആളെ കിട്ടാതെ പ്രയാസപ്പെടുകയാണ്. അടയ്ക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ പിടിക്കുക കൂടി ചെയ്തതോടെ തൊഴിലാളികൾ മലയോരത്തെ കൈവെടിഞ്ഞു.
റബർ മേഖലയിലാണ് തൊഴിലാളി ക്ഷാമം കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടള്ളത്. ചോദിക്കുന്ന കൂലി നൽകിയാൽ പോലും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ.
പല തോട്ടങ്ങളിലും വിളവിന്റെ പകുതി കൂലിയായി നിശ്ചയിച്ച് നൽകിയിട്ട് പോലും തൊഴിലാളികളെ കിട്ടാനില്ല.ഒരു തോട്ടത്തിൽ വിളവിന്റെ 60 ശതമാനം തൊഴിലാളിക്കും 40 ശതമാനം തോട്ടം കൈവശക്കാർക്കും എന്ന് പറഞ്ഞിട്ട് പോലും രക്ഷയില്ല. കുടുംബത്തിന്റെ ചെലവിനുള്ള വകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് തോട്ടം ഉടമകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്.
പ്രതിസന്ധി മൂലം ഉത്പാദന കാലം ബാക്കിയുണ്ടായിട്ടും പല കർഷകരും റബർ മരങ്ങൾ സ്ലോട്ടർ ടാപ്പിംഗിന് പാട്ടത്തിനു നൽകുകയാണ്. തൊഴിലാളികളെ കിട്ടാത്തതിനാൽ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് പോലും സ്ഥാപിക്കാൻ കഴിയാത്തവരുണ്ട്. കൃഷിയിടത്തിലെ ആന ശല്യം കാരണം പാട്ടത്തിനെടുത്തവർക്കും വേണ്ടപോലെ ഉത്പാദനം നടത്താൻ കഴിയുന്നില്ല.
പകൽ സമയത്തു പോലും തോട്ടത്തിൽ ആനകളുള്ളതിനാൽ തോട്ടം ഉടമകൾക്ക് പോലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്.
അധികം കൂലി നൽകിയാലും ആളെ കിട്ടാനില്ല
വന്യജീവി സാന്നിദ്ധ്യം വലിയ ഒരു തൊഴിൽ മേഖലയുടെ തകർച്ചയിലേക്കാണ് നയിച്ചത്. തോട്ടം മേഖലയിൽ പണിയെടുക്കാൻ ആളെ കിട്ടാനില്ല. ആരെങ്കിലും തയ്യാറായാൽ തന്നെ പണി കഴിയുന്നത് വരെ തോട്ടം ഉടമകൾ കാവലായി കൂടെ നിൽക്കണമെന്ന വ്യവസ്ഥയാണ് തൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ പേടിയില്ലാതെ പണി എടുത്തിരുന്നവരാണ്. കടുവയും പുലിയും വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ കൂടി കിട്ടാതായി എന്ന് ചെറുകിട തോട്ടം ഉടമകൾ പറയുന്നു.
പണിക്കാരെ കിട്ടാത്തതിനാൽ കാർഷിക മേഖലയാകെ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് കർഷകർ പറയുന്നു.
വന്യമൃഗങ്ങളെ ഭയന്ന് തോട്ടം തൊഴിലാളികൾ എത്താത്തതിനെ തുടർന്ന് പൂട്ടിയിട്ട തോട്ടങ്ങൾ ഏറെയാണ്.തോട്ടത്തിലെ കാട് വെട്ടാൻ പോലും ആളെ കിട്ടുന്നില്ല. സുരക്ഷയുടെ ഭാഗമായി തടഞ്ഞു വച്ച തോക്ക് ലൈസൻസുകൾ പുതുക്കാനും പുതിയത് അനുവദിക്കാനും അധികൃതർ തയ്യാറാകണം.
എടക്കടമ്പൻ നസീർ ഹുസൈൻ, കർഷകൻ.
വന്യമൃഗങ്ങളോട് പൊരുതി ഉപജീവനത്തിനും നിലനിൽപ്പിനുമായി തോട്ടത്തിൽ നിന്ന് വരുമാനമുണ്ടാക്കാൻ ശ്രമിച്ചാലും നടക്കാത്ത സാഹചര്യമാണുള്ളത്. കൂടിയ കൂലി കൊടുത്താൽ പോലും മലയിലെ തോട്ടത്തിലേക്ക് ജോലിക്ക് ആളെ കിട്ടുന്നില്ല.
ജോഷി റാത്തപ്പിള്ളി,കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |