SignIn
Kerala Kaumudi Online
Sunday, 14 June 2026 3.58 AM IST

ഒഴിഞ്ഞ് സീറ്റുകൾ , കലയുടെ ഈറ്റില്ലം വഴിമാറുമ്പോൾ

photo-
കേരള കലാമണ്ഡലത്തിലെ പാരമ്പരാഗത കളരികൾ

ചെറുതുരുത്തി: പരമ്പരാഗത കലാരൂപങ്ങൾ പലതും പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കലയുടെ ഈറ്റില്ലമായ കേരളകലാമണ്ഡലം. ഈ വർഷം മാത്രം എട്ടോളം ഡിപ്പാർട്ട്‌മെന്റുകളിലായി ഇരുപതോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ നാല് ഡിപ്പാർട്ട്‌മെന്റുകളിൽ മൂന്ന് വർഷമായി ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടിയിട്ടില്ല. കഥകളി വടക്കൻ (1), കഥകളി മദളം (1), കഥകളി സംഗീതം (3), ചുട്ടി (4), മിഴാവ് (4), തിമില (3), മൃദംഗം (1), കർണാടക സംഗീതം(3), എന്നീ വിഷയങ്ങൾക്കാണ് വിദ്യാർത്ഥികളില്ലാത്തത്. അതേസമയം ചെണ്ട, നൃത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് ആവശ്യത്തിലധികം പേർ എത്തുന്നുണ്ട്. ആകെ 80 മുതൽ 84 വരെയുള്ള സീറ്റുകളിലേക്കാണ് എട്ടാം ക്ലാസിൽ പ്രവേശനം. മുൻകാലങ്ങളിൽ കുട്ടികൾക്ക് തങ്ങൾ ചോദിച്ച വിഷയം ലഭിച്ചില്ലെങ്കിൽ, അദ്ധ്യാപകർ രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ച് ഒഴിവുള്ള മറ്റ് കലാവിഷയങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്നാൽ ആ പ്രവണത ഇപ്പോൾ നിലച്ചു.


ഇടപെടലും അഴിമതി ആരോപണവും


വർഷങ്ങളായി കലാമണ്ഡലത്തിലെ വിദ്യാർത്ഥി പ്രവേശനം പൂർണ്ണമായും രാഷ്ട്രീയക്കാരുടെയും സ്വാധീനശക്തികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണെന്ന ആക്ഷേപമുണ്ട്. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തെരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ബോർഡിലിരിക്കുന്നവരുടെ യോഗ്യത ചോദ്യം ചെയ്ത് നിലവിലെ അദ്ധ്യാപകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ യൂണിഫോം വിതരണത്തിലും മെസ്സിലും നടന്നതുപോലുള്ള അഴിമതികൾ ആവർത്തിക്കരുതെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മുൻ അദ്ധ്യാപകരും പറയുന്നു.

പരമ്പരാഗത രീതി അകലുന്നു

കല അഭ്യസിപ്പിക്കുന്നതിനായി പരമ്പരാഗത രീതിയിലുള്ള കളരികൾക്ക് പകരം വലിയ കെട്ടിടങ്ങളിലെ അടച്ചിട്ട ക്ലാസ് മുറികളാണ് നിലവിൽ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
1996-97 കാലഘട്ടത്തിൽ ഒ.എൻ.വി. കുറുപ്പ് ചെയർമാൻ ആയിരുന്നപ്പോൾ ഷാജി എൻ. കരുൺ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ ചേർന്ന് നാല് പരമ്പരാഗത കളരികൾ രൂപകൽപ്പന ചെയ്‌തെങ്കിലും നിലവിൽ അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. ഇതിൽ ഒന്നു മാത്രമാണ് ചെറിയതോതിൽ ഉപയോഗിക്കുന്നത്.

കല മറന്ന് സിലബസ്

സാധാരണ വിദ്യാലയങ്ങളെ അപേക്ഷിച്ച് കലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും മറ്റ് വിഷയങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുന്ന രീതിയിലായിരുന്നു കലാമണ്ഡലം പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ സിലബസിന്റെ വരവോടെ കലയുടെ പ്രാധാന്യം കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥി ഒരു വിഷയത്തിൽ തന്നെയാണ് എം.എ. വരെ കഴിഞ്ഞ് പോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL