തൃശൂർ: നഗ്‌നനേത്രങ്ങളാൽ വായിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ മിനിയേച്ചർ പുസ്തകശേഖരത്തിന് ഗിന്നസ് റെക്കാഡ് ലഭിച്ചതിന്റെ പത്താം വാർഷികം ആഘോഷിച്ച് ഗിന്നസ് സത്താർ ആദൂർ. 2016 ജൂണിൽ തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ 3,137 മിനിയേച്ചർ പുസ്തകങ്ങൾ പ്രദർശിപ്പിച്ചായിരുന്നു നേട്ടം കൈവരിച്ചത്.
അസർബൈജാനിലെ ബാക്യു മ്യൂസിയത്തിലുള്ള സലഗോവ സാരിഫ് തൈമുർ ഗൈസിയുടെ 2,917 കുഞ്ഞൻ പുസ്തകങ്ങളുടെ റെക്കാഡാണ് മറികടന്നത്. 21 അടി നീളവും നാല് അടി വീതിയുമുള്ള ഷെൽഫിൽ 2,710 കഥാസമാഹാരങ്ങളും 427 കവിതാ സമാഹാരങ്ങളുമാണ് സത്താർ പ്രദർശിപ്പിച്ചത്. ബാക്യു മ്യൂസിയത്തിലെ പുസ്തകങ്ങളിൽ ഭൂരിഭാഗവും നഗ്‌നനേത്രങ്ങൾ കൊണ്ട് വായിക്കാനാകില്ല. സത്താറിന്റെ ശേഖരത്തിലെ 1 സെന്റിമീറ്ററിനും 5 സെന്റിമീറ്ററിനും ഇടയിലുള്ള പുസ്തകങ്ങളെല്ലാം വായിക്കാമെന്നതും പ്രത്യേകതയുണ്ട്.
2008 മുതലുള്ള എട്ടുവർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് സത്താർ ഗിന്നസ് അംഗീകാരം നേടിയത്. 2019ലെ ഗിന്നസ് ബുക്കിലും 2020ലെ ചൈനീസ് എഡിഷനിലും ഈ നേട്ടം ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ കഥാസമാഹാരമായ 'വൺ' (1 സെന്റിമീറ്റർ), ഏറ്റവും ചെറിയ കവിതാ സമാഹാരമായ 'സാൾട്ട്' (അര സെന്റിമീറ്റർ) എന്നിവയും സത്താറിന്റെ രചനകളാണ്.
18 വർഷത്തിനിടെ വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി അരലക്ഷത്തോളം പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു. ആൾ കേരള ഗിന്നസ് വേൾഡ് റെക്കാഡ് ഹോൾഡേഴ്‌സ് (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റും സംസ്‌കാര സാഹിതി തൃശൂർ ജില്ലാ ചെയർമാനുമാണ് ഗിന്നസ് സത്താർ ആദൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |