SignIn
Kerala Kaumudi Online
Monday, 22 June 2026 3.39 AM IST

കയറ്റുമതിയിൽ ഇന്ത്യയ്ക്ക് തങ്കത്തിളക്കം

goyal

അതിവേഗം വിപണി വികസിപ്പിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മറികടന്ന് കയറ്റുമതി രംഗത്ത് ഇന്ത്യ മികച്ച മുന്നേറ്റം തുടരുന്നു. ഏപ്രിൽ മുതൽ ജൂൺ രണ്ടാം വാരം വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 15 ശതമാനം വർദ്ധനയുണ്ടായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു ശേഷവും കയറ്റുമതി രംഗം മികച്ച വളർച്ചയാണ് നേടുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. മേയിൽ രാജ്യത്തെ കയറ്റുമതി 18 ശതമാനം വളർച്ചയോടെ ആറ് മാസത്തെ ഉയർന്ന തലമായ 4,520 കോടി ഡോളറായി. ഏപ്രിൽ, മേയ് മാസങ്ങളിലെ കയറ്റുമതി 16.09 ശതമാനം ഉയർന്ന് 8,891 കോടി ഡോളറിലെത്തി. ഇക്കാലയളവിൽ ഇറക്കുമതി 15.14 ശതമാനം വർദ്ധനയോടെ 14,535 കോടി ഡോളറായി. വ്യാപാര കമ്മി 5644 കോടി ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പശ്ചിമേഷ്യയിലെ യുദ്ധവും അമേരിക്കയുടെ ഉയർന്ന ഇറക്കുമതി തീരുവകളും ഇന്ത്യയുടെ കയറ്റുമതി മേഖലയെ കാര്യമായി ബാധിച്ചില്ല. ഇക്കാലയളവിൽ രാജ്യത്തെ മൊത്തം കയറ്റുമതി 86,311 കോടി ഡോളറിലെത്തിയെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ലക്ഷം കോടി ഡോളർ വരുമാനം ലക്ഷ്യം

നടപ്പു സാമ്പത്തിക വർഷം കയറ്റുമതിയിലൂടെ ഒരു ലക്ഷം കോടി ഡോളറിന്റെ വരുമാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മാനുഫാക്ചറിംഗ് രംഗത്തെ മികച്ച പ്രകടനത്തിലൂടെ ഉത്പന്ന കയറ്റുമതി ഇത്തവണ 50,000 കോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയെ ഐ.ടി, കൺസൾട്ടിംഗ്, ഗ്ളോബൽ കാപ്പബിലിറ്റി സെന്ററുകൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കരുത്തായി വ്യാപാര കരാറുകൾ

അഞ്ച് വർഷത്തിനിടെ ഒൻപത് രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയാക്കി. മൗറീഷ്യസ്. യു.എ.ഇ, ആസ്ട്രിയ, ഒമാൻ, ന്യൂസിലൻഡ്, യു.കെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സ്ഥലങ്ങളിൽ വിപണി വികസിപ്പിക്കാൻ വിപുലമായ സാദ്ധ്യതകളാണ് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ലഭിക്കുന്നത്.

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ ഡിസംബറിൽ ഒപ്പുവെക്കാനാകും. വിപുലമായ സാദ്ധ്യതകളാണ് ഇതോടെ ഇന്ത്യയ്ക്ക് തുറന്നു കിട്ടുന്നത്

പീയുഷ് ഗോയൽ

കേന്ദ്ര വാണിജ്യ മന്ത്രി

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കയറ്റുമതി വരുമാനം

86,311 കോടി ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360