SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

സ്വര്‍ണത്തിന് 'പലിശ' ഭീഷണി; പണമിറക്കാന്‍ മടിച്ച് നിക്ഷേപകരും, വില മൂക്കുകുത്തി

gold


പലിശ കൂടിയാല്‍ വിലയിടിയും


കൊച്ചി: ക്രൂഡോയില്‍ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയര്‍ത്തിയതോടെ സ്വര്‍ണ വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. പശ്ചിമേഷ്യന്‍ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതിനാല്‍ അമേരിക്കയില്‍ വിലക്കയറ്റ ഭീഷണി ഏറിയെങ്കിലും സാമ്പത്തിക മേഖല ശക്തമായ നിലയിലാണ്. വിപണിയില്‍ പണ ലഭ്യത ഉയര്‍ന്ന തലത്തിലായതോടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വാരാന്ത്യത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും ആഗോള ഫണ്ടുകള്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കാന്‍ മടിക്കുകയാണ്. അമേരിക്കയില്‍ പലിശ കൂടുമെന്ന പ്രതീക്ഷയില്‍ ഡോളറും യു.എസ് ബോണ്ടുകളും കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.


ജനുവരിയില്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 27 ശതമാനം ഇടിവാണ് അഞ്ച് മാസത്തിനിടെ സ്വര്‍ണ വിലയിലുണ്ടായത്.


വിപണിയില്‍ വില സ്ഥിരത ഉറപ്പുവരുത്താനാണ് മുന്‍ഗണനയെന്ന് പുതുതായി ചുമതലയേറ്റെടുത്ത ഫെഡറല്‍ റിസര്‍വിന്റെ അദ്ധ്യക്ഷന്‍ കെവിന്‍ വാര്‍ഷ് ധന നയ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ പലിശ നിരക്ക് അര ശതമാനം കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെയാണ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ചത്.


പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്ക്സ്


ഡിസംബറോടെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലെത്തുമെന്ന് ആഗോള തലത്തിലെ പ്രമുഖ ധനകാര്യ ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്ക്സ് വ്യക്തമാക്കി. ഈ വര്‍ഷം ഡിസംബറില്‍ വില 5,400 ഡോളറാകുമെന്ന് നേരത്തെ അവര്‍ പ്രവചിച്ചിരുന്നു. പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ വന്‍കിട നിക്ഷേപകര്‍ സുരക്ഷിതത്വം തേടി ഡോളറിലേക്കും യു.എസ് ബോണ്ടുകളിലേക്കും പണം മാറ്റിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

പ്രധാന വെല്ലുവിളികള്‍

1. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം

2. ആഗോള സാമ്പത്തിക അനിശ്ചിതത്വം

3. ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടം

4. അമേരിക്കയിലെ പലിശ നിരക്കിലെ മാറ്റം


പവന്‍ വില


ജനുവരി 29 : 1,31,160 രൂപ

ജൂണ്‍ 21: 1,07,120 രൂപ

ഇതുവരെയുള്ള ഇടിവ് - 24,040 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD PRICE, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360