
ഇൻജുറി ടൈമിൽ നേടിയ ഗോളിന് ഐവറി കോസ്റ്റിനെ 2-1ന് മറികടന്ന് ജർമ്മനി രണ്ടാം റൗണ്ടിൽ
ടൊറന്റോ : വമ്പന്മാരായ ജർമ്മനിക്കെതിരെ ആദ്യ പകുതിയിൽ ലീഡ് ചെയ്യുകയും രണ്ടാം പകുതിയുടെ ഇൻജുറി ടൈമോളം സമനില പിടിക്കുകയും ചെയ്ത ഐവറി കോസ്റ്റിന് നാടകീയ തോൽവി. കഴിഞ്ഞരാത്രി ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനി ജയം കണ്ടത്. ഇൻജുറി ടൈമിൽ ഡെനിസ് ഉൻദാവ് നേടിയ അദ്ദേഹത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയാണ് ഡെനിസ് രണ്ടുഗോളുകളും നേടിയത്. ഇതോടെ ആദ്യറൗണ്ടിലെ രണ്ടാം വിജയത്തോടെ ജർമ്മനി രണ്ടാം റൗണ്ട് പ്രവേശനം ഉറപ്പിക്കുകയും ചെയ്തു.
ഇതിഹാസതാരം മാനുവൽ ന്യൂയർ കാത്ത ജർമ്മൻ വലയിലേക്ക് 30-ാം മിനിട്ടിൽ ഫ്രാങ്ക് കെസീയിലൂടെയാണ് ഐവറി കോസ്റ്റ് നിറയൊഴിച്ചത്. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്ന ഐവറി കോസ്റ്റ് ഇന്നലെ ജർമ്മൻ ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്തപ്പോൾ ആരാധകർ ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ആംഗ്യാൻ ബോണി നൽകിയ പാസാണ് കെസീ ഗോളാക്കി മാറ്റിയത്.
ആദ്യ പകുതിയിൽ ഐവറിയുടെ ലീഡ് മറികടക്കാൻ കഴിയാതെ കുഴങ്ങിയ ജർമ്മൻ കോച്ച് നാഗൽസ്മാൻ രണ്ടാം പകുതിയിൽ നടത്തിയ പരീക്ഷണമാണ് മത്സരത്തിൽ ഫലമുണ്ടാക്കിയത്.60-ാം മിനിട്ടിൽ ജമാ മുസൈലയെ മാറ്റി ഡെനിസിനെ കളത്തിലിറക്കുകയായിരുന്നു നാഗൽസ്മാൻ.68-ാം മിനിട്ടിൽതന്നെ ഇതിന് ഫലമുണ്ടായി. ശക്തിയേറിയ ഒരു ക്രോസ് ഷോട്ട് ഡെനിസ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സമനിലയിലാക്കിയെങ്കിലും വിജയഗോളിന് ജർമ്മനിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഇതിനിടയിൽ 88-ാം മിനിട്ടിൽ ഐവറി കോസ്റ്റിന് കിടിലനൊരവസരം മുന്നിൽവന്നു. പന്തുമായി ഓടിക്കയറിയ നിക്കോളാസ് പെപ്പെ മാർക്ക് ചെയ്യപ്പെടാതെ നിന്ന സൈമൺ അദിൻഗ്രയ്ക്ക് പന്തുനൽകിയെങ്കിലും പാഞ്ഞെത്തിയ ജർമ്മൻ പ്രതിരോധം കഷ്ടപ്പെട്ട് നീക്കം നിർവീര്യമാക്കുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ജർമ്മനിയെ മുന്നിലെത്തിക്കാൻ ലഭിച്ച അവസരം നദിം അമിരി ഗോളിയുടെ കയ്യിലേക്ക് അടിച്ചുകൊടുക്കുകയായിരുന്നു. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ ഗോളടിക്കാനായി എല്ലാം മറന്ന് ഐവറിയുടെ പ്രതിരോധം ഉൾപ്പടെ ജർമൻ ഹാഫിലേക്ക് കയറിയപ്പോഴാണ് ഡെനിസ് പന്തുമായി പെട്ടെന്ന് ഓടിക്കയറിവന്ന് വിജയഗോളടിച്ചത്.
ഈ വിജയത്തോടെ ജർമ്മനിക്ക് ഗ്രൂപ്പ് ഇയിൽ ആറുപോയിന്റായി. ആദ്യ മത്സരത്തിൽ ജർമ്മനി 7-1ന് കുറോസോയെയാണ് തോൽപ്പിച്ചിരുന്നത്. ഗ്രൂപ്പിലെ അവസാന മത്സരം വ്യാഴാഴ്ച രാത്രി ഇക്വഡോറിനെതിരെ നടക്കും. ഐവറി കോസ്റ്റ് അന്ന് കുറോസയെ നേരിടും.
ന്യൂയർക്ക് റെക്കാഡ്
ഐവറി കോസ്റ്റിനെതിരായ മത്സരത്തിലൂടെ ജർമ്മൻ ഗോളി മാനുവൽ ന്യൂയർ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന ഗോൾ കീപ്പർ എന്ന റെക്കാഡിന് ഉടമായായി. 20 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ റെക്കാഡാണ് ന്യൂയർ തകർത്തത്. ന്യൂയറുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2014 ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളൗ പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ യൂറോകപ്പിന് ശേഷം വിരിക്കൽ പ്രഖ്യാപിച്ചിരുന്ന ന്യൂയറെ തിരിച്ചുവിളിച്ചാണ് ജർമ്മനി ഈ ലോകകപ്പിൽ ഗോളിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |