
ധാംബുള്ള: എ ടീം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തന്റെ റേഞ്ച് എന്തെന്ന് കാണിച്ച് വൈഭവ് സൂര്യവംശി. കലാശപ്പോരില്‍ ശ്രീലങ്ക എ ടീമിനെതിരെ 29 പന്തില്‍ നിന്ന് 94 റണ്‍സ് അടിച്ചെടുത്ത പ്രകടനത്തിന് ലീഗ് സ്റ്റേജ് മത്സരത്തിലെ ഒരു പകയുടെ കഥ കൂടി ബാക്കിയുണ്ട്. ഇന്ത്യയും ശ്രീലങ്കയും ഇതേ ധാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ മത്സരം ടൈയില്‍ കലാശിച്ചു. സൂപ്പര്‍ ഓവറില്‍ വൈഭവ് ക്രീസിലുണ്ടായിരുന്നിട്ടും ഇന്ത്യ തോറ്റു. തിരികെ മടങ്ങുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പരിഹാസം അതിരുവിടുകയും ഉന്തും തള്ളും വരെ എത്തുകയും ചെയ്തിരുന്നു.
അന്ന് ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്ന വൈഭവിനെ ചില ശ്രീലങ്കന്‍ താരങ്ങള്‍ പരിഹസിച്ചതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. അന്നത്തെ സംഭവങ്ങള്‍ മനസ്സിലിട്ട് അതിന്റെ പ്രതികാരം ഗ്രൗണ്ടില്‍ തീര്‍ക്കുന്നതുപോലെയായിരുന്നും ഫൈനലില്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ വൈഭവ് ശിക്ഷിച്ചത്. വെറും 29 പന്തുകള്‍ മാത്രമാണ് താരത്തിന്റെ ഇന്നിംഗ്‌സ് നീണ്ടുനിന്നത്. എന്നാല്‍ പത്ത് ഫോറും എട്ട് സിക്‌സറും സഹിതം 94 റണ്‍സാണ് 15കാരന്‍ അടിച്ച് കൂട്ടിയത്. ട്വന്റി 20 അല്ല 50 ഓവര്‍ ആയിരുന്നു മത്സരം എന്ന് കേള്‍ക്കുമ്പോഴാണ് എത്ര മാരകമാണ് പവര്‍ ഹിറ്റിംഗ് എന്ന് മനസ്സിലാവുക.
ഈ പയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല മറിച്ച് ലോകക്രിക്കറ്റിന്റെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയി മാറുമെന്ന് ഇതിഹാസങ്ങള്‍ പോലും വിലയിരുത്തുന്നത് വെറുതേയല്ല എന്ന് കൂടി തെളിയിക്കുന്നതാണ് വൈഭവിന്റെ പ്രകടനം. സാധാരണ എത്ര റണ്‍സ് നേടി പുറത്തായാലും നിരാശ കലര്‍ന്ന മുഖവുമായിട്ടാണ് പയ്യന്‍ തിരികെ നടക്കുക. എന്നാല്‍ ശ്രീലങ്കന്‍ താരങ്ങളോട് മാസ് ആറ്റിട്യൂട് കാണിച്ചാണ് താരം പവിലിയനിലേക്ക് നടന്നത്. ഔട്ടായാലും സാരമില്ല കിട്ടുന്ന എല്ലാ പന്തിലും തല്ലും എന്നതായിരുന്നു ആ ബാറ്റിംഗ് പ്രകടനം.
പുറത്തായപ്പോള്‍ വായിലുണ്ടായിരുന്ന ബബിള്‍ഗം ഒരിക്കല്‍ കൂടി ബബിള്‍ ബ്ലോ ചെയ്ത് തുപ്പി കളഞ്ഞ ശേഷം ആത്മവിശ്വാസത്തിന്റെ പരകോടിയിലായിരുന്നു വൈഭവ്. മത്സരത്തില്‍ താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ വിജയിക്കുകയും കിരീടം ചൂടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 47.1 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 66 റണ്‍സിന്റെ വിജയവും കിരീടവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |