SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

ബംഗാൾ മോഡൽ മഹാരാഷ്ട്രയിലും ഉദ്ധവിന്റെ പാർട്ടിയെ പിളർത്താൻ നീക്കം ഇന്ന് അടിയന്തര യോഗം വിളിച്ച് ഉദ്ധവ്

k

മുംബയ്: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അടിപതറിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പിളർത്താൻ ബി.ജെ.പി നീക്കം. ഉദ്ധവിനൊപ്പമുള്ള ഒമ്പത് എം.പിമാരിൽ ആറ് പേരെ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെത്തിക്കാൻ ചരടുവലി തുടങ്ങി. ചില എം.പിമാർ ഷിൻഡെയുമായി ബന്ധപ്പെട്ടു.

ഉദ്ധവ് വിഭാഗത്തിന് ഒമ്പതും ഷിൻഡെയ്ക്ക് ഏഴും എം.പിമാരാണുള്ളത്. അരവിന്ദ് ദേശായി, അരവിന്ദ് സാവന്ത് എന്നീ എം.പിമാർ ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബാക്കി ഏഴുപേരിൽ ആറുപേരും ഷിൻഡെ വിഭാഗത്തോടൊപ്പം പോകുമെന്നാണ് റിപ്പോർട്ട്.

ഹിംഗോളി എം.പി നാഗേഷ് പാട്ടീൽ അഷ്ടിക്കർ, നാസിക് എം.പി രാജാഭൗ വാജെ, ഷിർദി എം.പി ഭാവുസാഹേബ് വക്ചൗരെ എന്നിവരാണ് ഷിൻഡെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. വികസന പ്രവർത്തനങ്ങൾ സംസാരിക്കാനാണ് പോയതെന്ന് വിശദീകരണമെങ്കിലും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

അതിനിടെ, ഉദ്ധവ് പാർട്ടി എം.പിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് മുംബയിൽ താക്കറെയുടെ വസതിയായ മാതോശ്രീയിലാണ് യോഗം. പാർട്ടിയിൽ ഐക്യം ഉറപ്പാക്കാനും എം.പിമാരുടെ നിലപാട് അറിയാനുമാണിത്. പർഭാനി എം.പി സഞ്ജയ് ജാദവ് പാർട്ടിയോഗങ്ങളിൽ നിന്ന് പതിവായി വിട്ടുനിൽക്കുകയാണ്. സഞ്ജയ് ഷിൻഡെയുമായി ബന്ധപ്പെട്ടെന്നാണ് വിവരം.

നിലവിൽ 293 എം.പിമാരാണ് എൻ.ഡി.എയ്ക്ക്. തൃണമൂലിന്റെ 20 വിമതർ എൻ.ഡി.എയുടെ ഭാഗമായാൽ അംഗസംഖ്യ 313 ആകും. ഉദ്ധവ് വിഭാഗത്തിൽ നിന്ന് ആറുപേർ കൂടി എത്തിയാൽ അംഗബലം 319 ആയി ഉയരും.

ഡി.എം.കെയിലും

കണ്ണ്

ഇന്ത്യ സഖ്യത്തിലുണ്ടായിരുന്ന ഡി.എം.കെ കോൺഗ്രസുമായി ഉടക്കിപ്പിരിഞ്ഞതോടെ പാട്ടിലാക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. 22 എം.പിമാരാണ് ഡി.എം.കെയ്ക്കുള്ളത്. ഇവരുടെ പിന്തുണ കൂടി ഉറപ്പിച്ചാൽ പല പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാൻ കേന്ദ്രസർക്കാരിനാകും. സ്റ്റാലിൻ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360