
ന്യൂഡൽഹി: 22 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് നീറ്റ് പുനഃപരീക്ഷ എഴുതുന്നത്. മേയ് മാസത്തിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് കനത്ത സുരക്ഷയിൽ വീണ്ടും പരീക്ഷ ആരംഭിച്ചത്. കേന്ദ്ര സർക്കാരിനും പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും വിശ്വാസ്യത വീണ്ടെടുക്കാനുള്ള വലിയൊരു പരീക്ഷണമാണ് ഇന്നത്തെ പുനഃപരീക്ഷ. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് വൈകുന്നേരം 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ മുമ്പെങ്ങുമില്ലാത്തവിധം വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലാണ് ഇവ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി ആകെ 5,440 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷ നടക്കുന്ന 95,000ത്തിലധികം മുറികളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആകെ 1,38,560 സിസിടിവി ക്യാമറകളിലൂടെ ദേശീയസംസ്ഥാന തലങ്ങളിൽ തത്സമയ നിരീക്ഷണം നടക്കുന്നുണ്ട്. ഹൈടെക് കോപ്പിയടി തടയാൻ 51,311 ജാമറുകളും സ്ഥാപിച്ചു.
ഓരോ പരീക്ഷാ കേന്ദ്രത്തിലും ശരാശരി 40 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനായി പൊലീസിനു പുറമെ അർദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചു. ബയോമെട്രിക് പരിശോധനയ്ക്കും 48,000ത്തോളം ജീവനക്കാരുണ്ട്. പരീക്ഷാ നടപടികൾ സുഗമമാണെന്ന് ഉറപ്പാക്കാൻ ഇന്നലെ രാജ്യവ്യാപകമായി എൻടിഎ മോക്ക് ഡ്രിൽ നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
പരീക്ഷയ്ക്ക് തലേന്ന് നാഗ്പൂരിൽ നിന്നുള്ള അബ്ദുള്ള മുഹമ്മദ് താലിബ് എന്ന വിദ്യാർത്ഥിക്ക് അബുദാബിയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചതും വലിയ ചർച്ചയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് പിഴവുകൾ കാരണം ഒരു വിദ്യാർത്ഥിക്കും പരീക്ഷ നഷ്ടപ്പെടരുത് എന്ന മുൻഗണന നൽകി എൻടിഎ പിന്നീട് ഇയാൾക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |