
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ വേറിട്ട യാത്രാനുഭവമായി മാറുകയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രീമിയം സ്ലീപ്പർ കോച്ചുകൾ. സുഖസൗകര്യങ്ങളുടെ പരകോടിയെന്നാണ് അടുത്തിടെ ട്രെയിനിൽ യാത്ര ചെയ്ത ഒരു പ്രമുഖ ട്രാവൽ വ്ളോഗർ വന്ദേ ഭാരത് സ്ലീപ്പറിനെ വിശേഷിപ്പിച്ചത്. വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങളാണ് കോച്ചുകളിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാന സവിശേഷതകൾ
വൃത്തിയുള്ള ഫസ്റ്റ് ക്ലാസ് എസി ഫ്യൂച്ചറിസ്റ്റിക് കാബിനുകളാണ് ഇതിലുള്ളത്. മൊബൈൽ ഫോൺ, കപ്പ് ഹോൾഡറുകൾ എന്നിവയ്ക്ക് പുറമെ യാത്രക്കാർക്ക് ആവശ്യാനുസരണം അറ്റൻന്റർമാരെ വിളിക്കാനുള്ള പ്രത്യേക ബട്ടൺ സംവിധാനവും കാബിനുകളിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക ബട്ടൺ പ്രൈവസി വിൻഡോകൾ സ്ഥാപിച്ചിരിക്കുന്നു.

പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം തന്നെ യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. വൈഫൈ സൗകര്യങ്ങൾക്ക് പുറമെ സിനിമകളും ടിവി ഷോകളും അടങ്ങുന്ന പ്രീലോഡഡ് ലൈബ്രറിയും യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ പൂർണമായിട്ടുള്ള ഇന്റർനെറ്റ് ബ്രൗസിംഗ് അനുവദനീയമല്ല.

അത്യാധുനികമായ വൃത്തിയുള്ള ഷവർ റൂമുകളാണ് കോച്ചിനകത്തെ ശുചിമുറികളിൽ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച വാട്ടർ ഫ്‌ളോയോടൊപ്പം യാത്രക്കാർക്ക് ആവശ്യമായ ടവലുകളും ടിഷ്യൂകളും അടങ്ങുന്ന പ്രത്യേക ഷവർ കിറ്റും റെയിൽവെ നൽകുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോഴും ട്രെയിനിനുള്ളിൽ യാതൊരുവിധ കുലുക്കവുമില്ലെന്നത് ശ്രദ്ധേയമാണ്. ട്രാക്കിൽ നിന്നുള്ള ശബ്ദങ്ങൾ ഉള്ളിലേക്ക് കേൾക്കാത്ത രീതിയിൽ തികച്ചും ശാന്തവും സുഗമവുമായ യാത്രയാണ് വന്ദേ ഭാരത് സമ്മാനിക്കുന്നത്.

ട്രെയിൻ പുറപ്പെട്ട് മിനിട്ടുകൾക്കകം ചായ നൽകുന്നത് മുതൽ ബെഡ് ഒരുക്കി നൽകുന്നത് വരെയുള്ള കാര്യങ്ങൾക്കായി മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ പ്രത്യേക സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |