
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അളവില്‍ വന്‍ ഇടിവ്. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവുമാണ് സ്വര്‍ണ ഇറക്കുമതി കുറഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് ഫാക്ടറുകള്‍. സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനം ആക്കി വര്‍ദ്ധിപ്പിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നാമതായി ചെയ്തത്. അതോടൊപ്പം സ്വര്‍ണം വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്രം സ്വീകരിച്ച ഈ രണ്ട് മാര്‍ഗങ്ങളും ഫലം കണ്ടുവെന്ന് വേണം മനസ്സിലാക്കാന്‍. സാധാരണഗതിയില്‍ 100 ടണ്‍ വരെയാണ് ഇന്ത്യ പ്രതിമാസം ഇറക്കുമതി ചെയ്തിരുന്ന സ്വര്‍ണം. മേയ് മാസത്തില്‍ ഇത് കുത്തനെ ഇടിഞ്ഞ് 30 ടണ്‍ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രം പുറത്ത് വിട്ട കണക്കിലാണ് ഇറക്കുമതി 70-100 ടണ്ണില്‍ നിന്ന് 25-30 ടണ്‍ ആയി കുറഞ്ഞുവെന്ന് സ്ഥിരീകരിക്കുന്നത്.
അതേസമയം, സ്വര്‍ണത്തിന് വില കുത്തനെ ഉയര്‍ന്നത് കാരണം ആളുകള്‍ ജൂവലറികളില്‍ എത്തുന്നത് കുറഞ്ഞിരുന്നു. ഉത്സവ സീസണില്‍ പോലും പ്രതീക്ഷിച്ച വില്‍പ്പന നടക്കാതെ വന്നതും ഇറക്കുമതി കുറയുന്നതിനെ സ്വാധീനിച്ച ഘടകങ്ങളാണ്. വിദേശനാണ്യ ശേഖരത്തെ ബാധിക്കാതിരിക്കാന്‍ സ്വര്‍ണ ഇറക്കുമതി തീരുവ ആറുശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ വിലക്കുറവിന്റെ ഘട്ടത്തില്‍ സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴെ പോകാത്തതിനും ഇത് കാരണമായി.
ഇന്നത്തെ വില
ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായി. പവന്‍ വിലയില്‍ 1,160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഒരു പവന്‍ വില 1,09,640 രൂപയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |