SignIn
Kerala Kaumudi Online
Friday, 19 June 2026 6.27 PM IST

'ആ രഹസ്യങ്ങൾ പുറത്തുവിടാനാകില്ല'; രോഹിത്- കൊ‌ഹ്‌ലി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ

virat-kohli-rohit

മുംബയ്: 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പദ്ധതികൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യാനുള്ളതല്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി എന്നിവരുടെ ടീമിലെ നിലനിൽപ്പ് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോർഡനുള്ളിലെ ചർച്ചകൾ അവിടെത്തന്നെ അവശേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസി പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സൈകിയയുടെ പ്രതികരണം.

വരാനിരിക്കുന്ന ലോകകപ്പിൽ കളിക്കാൻ കൊഹ്ലിയും രോഹിത്തും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവ‌ർക്ക് ടീമിൽ ഇടം ലഭിക്കുമോ എന്ന കാര്യത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. വിഷയത്തിൽ ബിസിസിഐയ്ക്ക് ഉള്ളിൽ ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്നും എല്ലാവരും ഒരേ നിലപാടിലാണെന്നുമാണ് സൈകിയ പ്രതികരിച്ചത്.

'ഞങ്ങൾക്ക് മികച്ച ഒരു ടീമും ഒരുപാട് വിദഗ്ധരുമുണ്ട്. ക്രിക്കറ്റ് കമ്മിറ്റി, സെലക്ടർമാർ, സപ്പോർട്ട് സ്റ്റാഫ്, മുഖ്യപരിശീലകൻ, ബന്ധപ്പെട്ട കളിക്കാർ എന്നിവരടക്കം എല്ലാവരെയും ഉൾപ്പെടുത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനായി പ്രത്യേകം യോഗങ്ങൾ ചേരേണ്ടതില്ല, ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിലോ പൊതുജനങ്ങൾക്ക് മുന്നിലോ വെളിപ്പെടുത്തേണ്ടതില്ല. അതിന് എനിക്ക് അധികാരവുമില്ല. ചർച്ച ചെയ്യുന്ന കാര്യങ്ങൾ ബോർഡ് റൂമിനുള്ളിൽ തന്നെ ഇരിക്കേണ്ടവയാണ്'- ദേവജിത് സൈകിയ വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ചും സക്കിയ വ്യക്തമാക്കി. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യ ഏകദിന പര്യടനം മാറ്റിവച്ചിരുന്നു. എന്നാൽ നിലവിൽ അവിടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ സർക്കാരാണ് അധികാരത്തിലുള്ളത്. മുൻ നായകൻ തമീം ഇഖ്ബാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റതോടെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

hardik-pandya-

'ബിസിസിഐ ഒരു ക്രിക്കറ്റ് നിയന്ത്രണ ബോർഡ് മാത്രമാണ്. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഉഭയകക്ഷി, ബഹുരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നയം എന്താണോ അത് തന്നെയാണ് ബിസിസിഐയും പിന്തുടരുന്നത്. ഫുട്‌ബോൾ, അത്‌ലറ്റിക്‌സ് തുടങ്ങിയ മറ്റ് കായിക സംഘടനകളെപ്പോലെ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ചട്ടങ്ങളും നയങ്ങളും ഞങ്ങൾ പാലിക്കും.

ബംഗ്ലാദേശിൽ ഏത് പാർട്ടിയാണ് ഭരിക്കുന്നതെന്നത് ബിസിസിഐയെ ബാധിക്കുന്ന കാര്യമല്ല, ജനാധിപത്യപരമാണോ അല്ലയോ എന്നതും ഞങ്ങളുടെ വിഷയമല്ല. ക്രിക്കറ്റ് നടത്തുക മാത്രമാണ് ഞങ്ങളുടെ ജോലി. മുൻകൂട്ടി നിശ്ചയിച്ച പര്യടനങ്ങൾ സർക്കാർ അനുമതിയോടെ ഷെഡ്യൂൾ പ്രകാരം മുന്നോട്ട് പോകും'- സൈകിയ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS NEWS, VIRATKOHLI, BCCI SELECTION COMMITTEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360