SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 AM IST

കേപ്പബിൾ വെർദേ

fifa

സ്പെയ്നിന് പിന്നാലെ ഉറുഗ്വേയേയും സമനിലയിൽ തളച്ച് ഉറുഗ്വേ

മയാമി : ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഉറുഗ്വേയെ ഇന്നലെ 2-2ന് സമനിലയിൽ തളച്ച കേപ് വെർദേ എന്ന കുഞ്ഞൻ ആഫ്രിക്കൻ രാജ്യത്തിന്റെ കളി കണ്ടിരുന്നവർക്ക് ഒരു കാര്യം മനസിലായി ; ആദ്യ മത്സരത്തിൽ സ്പെയിനെ ഗോളടിക്കാൻ അനുവദിക്കാതെ പൂട്ടിയത് ആ ദിവസത്തെ ഭാഗ്യം മാത്രം കൊണ്ടല്ല. ഏത് കൊലകൊമ്പനും മൂക്കുകയറിടാൻ കെൽപ്പുള്ളവരാണ് കേപ്പ് വെർദേക്കാരെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചാണ് ഇന്നലെ അവർ കളത്തിൽ നിന്ന് കയറിയത്.

അരങ്ങേറ്റത്തിന് അവസരം ലഭിച്ച ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽതന്നെ രണ്ട് മുൻചാമ്പ്യന്മാരെ സമനിലയിൽ പിടിക്കുകയെന്നത് ലോക ഫുട്ബാളിൽ ചെറിയ നേട്ടമല്ല. ആദ്യ ലോകകപ്പ് ജേതാക്കൾക്കെതിരെ ആദ്യ ഗോളടിക്കാൻ കഴിഞ്ഞത് മറ്റൊരു വലിയ നേട്ടം. മയാമിയിൽ ഉറുഗ്വേ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 21-ാം മിനിട്ടിൽ കെവിൻ പിന കേപ് വെർദേയെ മുന്നിലെത്തിച്ചത്. ഈ ഗോളിന്റെ ആവേശത്തിൽ തുടർ ആക്രമണങ്ങൾക്ക് പിറകേ പോയപ്പോൾ കിട്ടിയ വിടവിലൂടെയാണ് ഉറുഗ്വേ രണ്ടെണ്ണം തിരിച്ചടിച്ചത്. എന്നാൽ അതിൽ ആശ്വസിക്കാൻ അവരെ സമ്മതിക്കാതെ ശ്രദ്ധയൊന്ന് പാളിയ നിമിഷത്തിൽ കിട്ടിയ ലൂസ് ബാളിലൂടെ ഹെലിയോ വറേല കളി സമനിലയിലാക്കിയപ്പോൾ അത് വിശ്വസിക്കാൻ ഉറുഗ്വേ ആരാധകർക്ക് നിമിഷങ്ങൾ വേണ്ടിവന്നു. കളിതീരുംമുന്നേ ഉറുഗ്വേ ഒരിക്കൽക്കൂടി പന്ത് കേപ്പിന്റെ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

രണ്ട് സമനിലകൾ കൊണ്ട് അടുത്തറൗണ്ടിലേക്ക് മുന്നേറാൻ കേപ് വെർദേയ്ക്ക് കഴിയില്ല. പക്ഷേ മുൻ ലോക ചാമ്പ്യന്മാരെ വരച്ച വരയിൽ നിറുത്തിയ അവർ അടുത്ത കളിയിൽ സൗദിക്കെതിരെയും വിസ്മയം സൃഷ്ടിച്ചാൽ ചരിത്രം പിറക്കും. ശനിയാഴ്ച അങ്ങനെ സംഭവിക്കാനായി കാത്തിരിക്കുകയാണ് അഞ്ചരലക്ഷം പേർ തികച്ചില്ലാത്ത ആ കുഞ്ഞുരാജ്യം.

ഉറുഗ്വേയെ കുരുക്കിയ കേപ് വെർദേ

1-0

21-ാം മിനിട്ട്

കെവിൻ പിന

ബോക്സിന് പുറത്ത് ദൂരെനിന്ന് കെവിൻ പിന തൊടുത്ത ഒരു ഫ്രീകിക്ക് ഉറുഗ്വേയുടെ പ്രതിരോധമതിലിന്റെ വിടവിലൂടെ കടന്ന് ഗ്രൗണ്ടിൽ കുതിച്ച് വലയിലേക്ക് കയറുമ്പോൾ ഉറുഗ്വേ ഗോളി ഫെർണാണ്ടോ മുസ്‌ലേര നിസഹായനായിരുന്നു.

1-1

44-ാം മിനിട്ട്

മാക്സി അറോഹോ

കേപ് ഡിഫൻഡർ സിഡ്നി ലോപ്പസ് കബ്രാൾ പന്ത് ക്ളിയർ ചെയ്യുന്നതിനിടെ വലയിലേക്ക് പോയെങ്കിലും ഗോളി വൊസീഞ്ഞ തട്ടിമുന്നോട്ടിട്ടു. ഇത് നിലത്തേക്ക് കുനിഞ്ഞ് തലകൊണ്ട് അറോഹോ വലയിലാക്കി.

1-2

45+6-ാം മിനിട്ട്

അഗസ്റ്റിൻ കനോബിയോ

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അറോഹോ നൽകിയ ഒരു ക്രോസ് ക്ളോസ് റേഞ്ചിൽ നിന്ന് കനോബിയോ വലയിലേക്ക് തട്ടിയിട്ടു.

2-2

61-ാം മിനിട്ട്

ഹെലിയോ വറേല

സ്വന്തം ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്യാൻ ശ്രമിച്ച മത്യാസ് ഒലിവേറ പന്ത് കൊടുത്തത് ഹെലിയോ വറേലയുടെ കാലുകളിലേക്കാണ്. അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലാക്കി വറേല കളി സമനിലയിലാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FIFA WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360