SignIn
Kerala Kaumudi Online
Friday, 19 June 2026 6.47 PM IST

'ലക്ഷ്യം കേരളത്തിന്റെ സമഗ്ര വളർച്ച, സാധാരണക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തും'

READ ENGLISH VERSION
vd-satheesan

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡ‌ി സതീശൻ. സർക്കാരിന് മുന്നിൽ വലിയ സാമ്പത്തിക വെല്ലുവിളികളുണ്ടെന്നും നിക്ഷേപകരിലൂടെ കേരളത്തിന്റെ പുരോഗതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമഗ്ര വളർച്ചയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാണ്. 35000 കോടി രൂപയുടെ പ്ലാനിൽ 20500 കോടി രൂപയുടെ കുറവുണ്ട്. മുൻപൊരു സ‌‌ർക്കാരും നേരിടാത്ത ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ സർക്കാർ നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഒരു രൂപ പോലും നികുതി വർദ്ധിപ്പിക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക, അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഖജനാവ് നിറയ്ക്കുക എന്നിവയാണ് ബഡ്ജറ്റ് ലക്ഷ്യമിടുന്നത്. ഖജനാവിൽ എത്തുന്ന പണം ഉപയോഗിച്ച് സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടത്തുകയും സാധാരണക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുക എന്നതുമാണ് ബഡ്ജറ്റിന്റെ വിശാലമായ ലക്ഷ്യം.''- മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ യുവാക്കളുടെ എണ്ണം കുറയുകയും ആയുർദൈർഘ്യം കൂടുന്നതനുസരിച്ച് പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന അസാധാരണമായ മാറ്റം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായ പഠനം ആവശ്യമാണ്. യുവാക്കളെ കേരളത്തിൽ തന്നെ നിലനിർത്താൻ അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഇവിടെത്തന്നെ ലഭ്യമാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം ആവശ്യപ്പെടുന്ന പുതിയ കോഴ്സുകൾക്കായി കരിക്കുലത്തിൽ മാറ്റം വരുത്തും. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും ഗവേഷണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ചികിത്സക്കായി എത്തുന്ന ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BUDGET 2026, VD SATHEESAN, UDF, LDF, PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA