
കാസർകോട്: ആശുപത്രിയുടെ മൂന്നാം നിലയിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു. കാഞ്ഞങ്ങാട് സർക്കാർ ജില്ലാ ആശുപത്രിയിലാണ് ഗുരുതര വീഴ്‌ചയുണ്ടായത്. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശി അബിൻ കെ സതീഷിനാണ് (21) തെരുവുനായയുടെ കടിയേറ്റത്. എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയാണ് അബിൻ.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലുള്ള ലാബിൽ പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിക്കുകയായിരുന്നു. കൈവീശിയില്ലായിരുന്നെങ്കിൽ നായ ശരീരത്തിലേക്ക് ചാടിവീണ് മാരകമായി പരിക്കേറ്റെനെ.
ഉടൻതന്നെ ലാബിലുള്ളവർ അബിന്റെ കൈ സോപ്പ് ഉപയോഗിച്ച് കഴുകിപ്പിച്ചു. ശേഷം ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുകയും ചെയ്‌തു. നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രി അധികൃതരിൽ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ പറഞ്ഞു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. പകൽ സമയത്ത് പുറത്ത് തമ്പടിക്കാറുള്ള നായ്‌ക്കൾ രാത്രിയാകുമ്പോൾ ആശുപത്രിക്കുള്ളിൽ കയറും. കൂട്ടമായെത്തുന്ന നായ്‌ക്കൾ ആളുകളെ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നാണ് ഡിഎംഒയുടെ ചുമതലയുള്ള ബി സന്തോഷ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |