
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപ്പീലിൽ സർക്കാരിന് ആശ്വാസം. ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ കെ ജെ റീനയെ സ്ഥലംമാറ്റിയ ഉത്തരവ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്‌തിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരു കക്ഷികളുടെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോടതി സ്റ്റേ റദ്ദാക്കിയത്.
നിയമവിരുദ്ധമായാണ് തന്നെ സ്ഥലം മാറ്റിയതെന്നായിരുന്നു ഡോ. റീനയുടെ പ്രധാനപ്പെട്ട വാദം. എന്നാൽ, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റീനയെ സ്ഥലംമാറ്റിയതെന്നും തത്തുല്യമായ മറ്റൊരു തസ്‌തികയിലേക്ക് മാറ്റുകയാണ് ഉണ്ടായതെന്നുമാണ് സർക്കാർ വാദിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഈ വാദങ്ങൾ ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്‌ണൻ എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ചിന്റെ നടപടി.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഡോ റീനയെ സ്ഥലംമാറ്റിയത് പ്രതികാര നടപടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ, സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചതുകൊണ്ടാണ് ഡോ. റീനയ്ക്കെതിരെ നടപടിയെടുത്തതെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രതികരണം.
സർക്കാരുമായി ആലോചിക്കാതെ ഡോ.റീന പ്രവർത്തിച്ചുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറായി ഇവർ സ്ഥാനമേൽക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ.റീനയെ നിയമിച്ചത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |