
തിരുവനന്തപുരം: ക്രിമിനലുകളുമായി ഒത്തു കളിച്ച് കേസൊതുക്കുന്ന പൊലീസുദ്യോഗസ്ഥർക്ക് ബഡ്ജറ്റിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകൾ അട്ടിമറിക്കുന്നവർക്കെതിരേ അതിശക്തമായ നടപടിയുണ്ടാവും.സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ 'മകൾക്കൊപ്പം' പദ്ധതി . സ്ത്രീ സുരക്ഷ ഉറപ്പാക്കും. നഗരങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തും. കൂടുതൽ സ്റ്റേഷനുകളിൽ വനിതകളെ എസ്.എച്ച്.ഒമാരാക്കും. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ''ക്രിമിനൽത്തൊപ്പി'' എന്ന പേരിൽ 'കേരളകൗമുദി' പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.
കേസുകൾ അട്ടിമറിക്കുന്നവരെ സേനയിൽ നിന്ന് പിരിച്ചു വിടുമെന്നായിരുന്നു ഇടതു സർക്കാരിന്റെ പ്രഖ്യാപനം. അവിശുദ്ധ ബന്ധമുള്ളവർക്കെതിരേ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം പിന്നീട് അട്ടിമറിച്ചു. നല്ല നടപ്പിലോ സ്ഥലംമാറ്റത്തിലോ നടപടി ഒതുക്കി. കേസുകളിലെ അട്ടിമറിയടക്കം കണ്ടെത്താനുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകളും നിർജീവമാണ്. അന്വേഷണം അട്ടിമറിച്ചാൽ നിലവിൽ സസ്പെൻഷനാണ് കടുത്ത ശിക്ഷ. അല്ലെങ്കിൽ ലോക്കൽ സ്റ്റേഷനിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റും. 15 ദിവസത്തെ നല്ല നടപ്പ്, പരിശീലനം എന്നിങ്ങനെ നിസാര ശിക്ഷകളും.
ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശയോ സഹായമോ ചെയ്തെന്ന് കണ്ടെത്തിയാലോ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാലോ പൊലീസുകാർക്കെതിരേ ക്രിമിനൽ കേസെടുക്കും. കസ്റ്റഡി മർദ്ദനമോ ,കള്ളക്കേസോ ഉണ്ടായാൽ കോടതികൾ വിധിക്കുന്ന നഷ്ടപരിഹാരം കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് ഈടാക്കും. ജനങ്ങളോട് മോശം പെരുമാറ്റം, മർദ്ദനം, മാഫിയകളുമായി ചങ്ങാത്തം, സ്ത്രീകളോടും കുട്ടികളോടുമുള്ള മോശം ഇടപെടൽ കണ്ടെത്തിയാൽ ക്രമസമാധാന ചുമതല നൽകില്ല. .
ശക്തമായ
നടപടിക്ക് വകുപ്പ്
പൊലീസ് ആക്ടിലെ സെക്ഷൻ-86 പ്രയോഗിച്ച് സ്ഥിരം കുഴപ്പക്കാരെ പിരിച്ചു വിടാനാവും.
മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് അയോഗ്യനായാൽ പുറത്താക്കാം.
അക്രമോത്സുകത, അസാന്മാർഗ്ഗികത എന്നിവയ്ക്ക് ശിക്ഷിച്ചവരെയും പ്രതികളെയും പിരിച്ചു വിടാം, നിർബന്ധമായി വിരമിപ്പിക്കാം.
55,000അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ കേസുള്ളവർ 1.56ശതമാനമാണ്. 98.44ശതമാനം പേരും കുറ്റകൃത്യങ്ങളിൽപ്പെടാത്തവരാണ്. പൊലീസിൽ 828 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |