
അടിമാലി (ഇടുക്കി): പനച്ചിക്കുഴി പുതശ്ശേരില്‍ ശശി (61) പകല്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് നടക്കും. രാത്രി കിടക്കുന്നത് ഏതെങ്കിലും കടത്തിണ്ണയില്‍. പരിചയക്കാരോട് ചായക്കാശ് ചോദിച്ചുവാങ്ങും. കഴിഞ്ഞ ദിവസം ശശി മരിച്ചു. അപ്പോഴാണ് അറിഞ്ഞത് ശശി ലക്ഷപ്രഭുവായിരുന്നു!, ശശി സൂക്ഷിച്ചിരുന്ന പ്‌ളാസ്റ്രിക് സഞ്ചിയില്‍ ഉണ്ടായിരുന്നത് 1,15,751 രൂപ. ചായക്കാശില്‍ മിച്ചം പിടിച്ച സമ്പാദ്യം.
ആരാധനാലയങ്ങളിലും കല്യാണ- മരണവീടുകളിലും കരിമ്പ് ശശി എന്നറിയപ്പെട്ടിരുന്ന ശശി ചെല്ലും. മാതാപിതാക്കള്‍ മരിച്ചശേഷം പനച്ചിക്കുഴിയിലെ വീട്ടില്‍ വല്ലപ്പോഴുമേ പോയിരുന്നുള്ളൂ. രാജാക്കാട് പള്ളി മഠത്തില്‍ നിന്ന് മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖത്ത് നീര് കണ്ടതിനെ തുടര്‍ന്ന് രാജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് ശശിയെ രാജാക്കാട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ രണ്ട് കിഡ്‌നികളും തകരാറിലായതായി കണ്ടെത്തി. തുടര്‍ന്ന് മൂത്ത സഹോദരന്‍ നാരായണന്‍ കുട്ടിയും രണ്ട് സഹോദരിമാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു, ശനിയാഴ്ച രാജാക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്ന് ശശി ഇടയ്ക്കിടെ കിടക്കാറുള്ള രാജാക്കാടുള്ള ജൂവലറിയുടെ വശത്തുള്ള ചെറിയ മുറിയുടെ സ്റ്റെയര്‍കേസിന് അടിയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചി ജൂവലറിയുടമ കളീക്കല്‍ തങ്കച്ചന്‍ പരിശോധിച്ചപ്പോഴാണ് തുക കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും ഇക്കാര്യമറിയിച്ചു. 500, 10 രൂപ നോട്ടുകളും നാണയങ്ങളുമടക്കമാണ് സഞ്ചിയില്‍ ഉണ്ടായിരുന്നത്. പൊലീസ് നിര്‍ദ്ദേശപ്രകാരം ഈ തുക ബന്ധുക്കള്‍ക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |