SignIn
Kerala Kaumudi Online
Thursday, 25 June 2026 3.00 AM IST

'കേരളം' പേരുമാറ്റം യാഥാർത്ഥ്യത്തിലേക്ക് , കേന്ദ്രം തയ്യാറാക്കിയ ബിൽ നിയമസഭ ബുധനാഴ്ച അംഗീകരിക്കും

kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പേരുമാറ്റത്തിനായി കേന്ദ്രആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ‘കേരള (പേര് മാറ്റൽ) ബില്ലിന്റെ കരട് ജൂലായ് ഒന്നിന് നിയമസഭ അംഗീകരിക്കും. കരട് ബില്ലിൽ ജൂലായ് 14നകം നിയമസഭയിൽ ചർച്ചചെയ്ത് അഭിപ്രായമറിയിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ജൂൺ 5ന് നിയമസഭയിലേക്ക് അയച്ചിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ഭരണഘടനയുടെ അനുച്ഛേദം-മൂന്ന് പ്രകാരമാണ് നിയമസഭയുടെ അഭിപ്രായം തേടിയത്. കരടുബില്ലിലെ എട്ട് വകുപ്പുകളും നിയമസഭ അംഗീകരിച്ചശേഷം, ചർച്ചകളുടെ വിശദാംശങ്ങൾ സഹിതം തിരിച്ചയയ്ക്കാനാണ് രാഷ്ട്രപതിയുടെ നിർദ്ദേശം.

നിയമസഭ അംഗീകരിച്ചയയ്ക്കുന്ന ബില്ല്, രാഷ്ട്രപതിയുടെ അനുമതിയോടെ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണഘടനാ ഭേദഗതിയാവശ്യമുള്ളതിനാൽ ഇരുസഭകളിലും പാസാക്കേണ്ടതുണ്ട്. 'കേരളം' എന്ന് പേരുമാറ്റാൻ 2024 ജൂൺ24ന് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചിരുന്നു. പേരുമാറ്റം നിലവിൽവരാൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യേണ്ടിവരും. എല്ലാ രാഷ്ട്രീയപാർട്ടികളും അംഗീകരിക്കുന്നതിനാൽ പേരുമാറ്റത്തിനുള്ള കരടുബില്ല് നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചേക്കും. സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായാണ് പേരുമാറ്റം.

പേരുമാറ്റത്തിന്

ചെലവ് കോടികൾ

പേരുമാറുമ്പോൾ 'ഗവൺമെന്റ് ഒഫ് കേരളം' എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തണം. മലയാളത്തിൽ 'കേരളം സർക്കാർ' എന്നാക്കണം

സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവയെല്ലാം മാറ്റേണ്ടിവരും

നിയമസഭയുടെ പേര് 'കേരള നിയമസഭ' എന്ന് തുടരുമോ, അതോ 'നിയമസഭ കേരളം' എന്നാക്കുമോ എന്നതിലും തീരുമാനമുണ്ടാവണം

പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും പേര് മാറ്റത്തിൽ ഇനിവേണം തീരുമാനമുണ്ടാവാൻ

സർക്കാർ ഓഫീസുകളിലടക്കം മൊത്തത്തിൽ പേരുമാറ്റാൻ കോടികളുടെ ചെലവു വരും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA