
പ്രതി നൂറുകോടി തട്ടിപ്പുകേസിലെ ജെന്നി വർഗീസ്
കൊച്ചി: വയോധികന്റെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തുവിന്റെ ആധാരം പണയപ്പെടുത്തി 5 കോടി തട്ടിയെടുത്ത കേസിൽ പുത്തൻകുരിശ് പഴന്തോട്ടം കാഞ്ഞിരവേലിൽ ജെന്നി വർഗീസിനെ (51) പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വ്യാജ ആധാരണങ്ങൾ നൽകി ബാങ്കുകളിൽ നിന്ന് 100 കോടി രൂപ തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിസിനസുകാരനാണ് പ്രതി.
കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ തരപ്പെടുത്തി തരാമെന്ന ജെന്നിയുടെയും കൂട്ടാളികളുടെയും വാക്ക് വിശ്വസിച്ച് വടുതല സ്വദേശിയായ 73 കാരൻ ആധാരം കൈമാറിയത് 2023ൽ. മുൻ ബിസിനസുകാരനായ വയോധികന് പണത്തിന്റെ ആവശ്യമുള്ളതിനാൽ അദ്ദേഹത്തിന്റെ കോട്ടയം മണർകാടുള്ള 27.5 സെന്റ് സ്ഥലത്തിന്റെ ആധാരമാണ് പണയപ്പെടുത്താൻ നൽകിയത്. മാസങ്ങൾക്കകം വയോധികന്റെയും മകളുടെയും അക്കൗണ്ടിൽ 70 ലക്ഷം രൂപയെത്തി. ജെന്നി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ജനുവിൻ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ അക്കൗണ്ടിൽ നിന്നാണ് പണമെത്തിയത്.
ഇതിനു ശേഷം വയോധികനറിയാതെ 27.5 സെന്റ് സ്ഥലത്തിന്റെ ആധാരം എം.ജി റോഡിലെ യെസ് ബാങ്കിൽ പണയപ്പെടുത്തി ജെന്നി വർഗീസ് 5 കോടി രൂപ കൈക്കലാക്കി. മുതലും പലിശയും തിരിച്ചടക്കാതിരുന്നതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് തിരിഞ്ഞപ്പോഴാണ് വയോധികൻ സംഭവം അറിയുന്നത്.
അദ്ദേഹത്തിന്റെ പരാതിയിൽ കഴിഞ്ഞദിവസമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ജെന്നി വർഗീസിന്റെ ജീവനക്കാരനും സഹായിയുമായ അർഷാദും പ്രതിയാണ്.
കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ആൾക്കാരിൽ നിന്ന് ആധാരം വാങ്ങിയാണ് ജെന്നി വർഗീസ് തട്ടിപ്പ് നടത്തിയിരുന്നത്.
വ്യാജ ആധാരം ചമച്ച് ചോളമണ്ഡലം ഫിനാൻസിൽ നിന്ന് 5.12 കോടി രൂപയും സിറ്റി യൂണിയൻ ബാങ്കിൽ നിന്ന് 30 കോടി രൂപയും തട്ടിയെടുത്ത കേസുകളിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ ജാമ്യത്തിലാണ്. 100 കോടിയുടെ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞമാസമാണ് ഉത്തരവിറങ്ങിയത്. സുഗന്ധവ്യഞ്ജന സ്ഥാപനമായ കാഞ്ഞിരവേലിൽ ട്രേഡഴ്സ് പ്രൊപ്രൈറ്ററാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |