SignIn
Kerala Kaumudi Online
Saturday, 20 June 2026 2.47 AM IST

മലബാറിൽ അന്താരാഷ്ട്ര ഫുട്ബാൾ സ്റ്റേഡിയം : കണ്ണൂരിന് പ്രതീക്ഷ

budget

ഇരിക്കൂറിൽ മിനി സിവിൽ സ്റ്റേഷൻ

ശ്രീകണ്ഠാപുരത്ത് ഫയർ സ്റ്റേഷൻ

തളിപ്പറമ്പിൽ ജയിൽ

കൊട്ടിയൂർ ദേശീയ തീർത്ഥാടന കേന്ദ്രം

കണ്ണൂർ: കായിക മേഖലയ്ക്ക് പ്രതീക്ഷയേകി സംസ്ഥാന ബഡ്ജറ്റിൽ മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ സ്റ്റേഡിയം പ്രഖ്യാപനം കണ്ണൂരിന് പ്രതീക്ഷയേകുന്നു. കാൽപന്തിന്റെ മണ്ണായ കണ്ണൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം കാലങ്ങളായി കണ്ണൂരിലെ കായിക പ്രേമികളും കായിക സംഘടനകളും സ്പോർട്സ് കൗൺസിലുമുൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. 50 കോടി രൂപ നീക്കിവച്ച സ്റ്റേഡിയം കണ്ണൂരിൽ ലഭിക്കുന്നതിന് സർക്കാരിൽ സമ്മ‌ർ‌ദ്ദം ചെലുത്തുമെന്ന് ടി.ഒ. മോഹനൻ എം.എൽ.എ പറഞ്ഞു.

വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 243.80 കോടി രൂപ വകയിരുത്തി. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി 192.20 കോടി രൂപയാണ് വകയിരുത്തി. ജില്ലയിൽ വന്യ ജീവി ആക്രമണം വലിയ തോതിൽ നേരിടുന്ന ജില്ലയിലെ മലയോരങ്ങൾക്ക് ഏറെ ആശ്വസമേകുകയാണ് പ്രഖ്യാപനം.

മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നിയമ നിർമാണം നടത്തുമെന്നും മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണുമെന്നുമുള്ള അനുകൂല പ്രഖ്യാപനങ്ങളുമുണ്ട്. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലത്തിനായി ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നത് ജില്ലയിലെ ആദിവാസി മേഖലയ്ക്ക് ഏറെ പ്രയോജനപ്പെടും. ഇരിക്കൂർ മിനി സിവിൽ സ്റ്റേഷൻ ആദ്യ ഘട്ട കെട്ടിട നിർമ്മാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായ ഫയർ സ്റ്റേഷൻ ശ്രീകണ്ഠാപുരത്ത് അനുവദിച്ചു. തളിപ്പറമ്പിൽ ജയിൽ നിർമ്മാണത്തിനും വികസനത്തിനും മുൻഗണന നൽകും. കൊട്ടിയൂർ ക്ഷേത്രത്തെ തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പരമ്പരാഗത തൊഴിലാളികൾക്ക് പ്രതീക്ഷ

കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികൾക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കൻ വേതന സഹായം നൽകുമെന്ന പ്രഖ്യാപനം കണ്ണൂരിൽ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കൈത്തറി മേഖലയ്ക്ക് ഉണവ് നൽകുന്നു. കൈത്തറി, കരകൗശല വ്യവസായങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾ ആഗോള തലത്തിൽ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിക്കുമെന്നും നൂതനയന്ത്ര സാമഗ്രികൾ ലഭ്യമാക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രോത്സാഹനം നൽകുമെന്നും ബഡ്ജറ്റിലുണ്ട്. കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക്

ഫിഷറീസ് സബ് പ്ലാൻ

ജില്ലയിലെ വലിയ വിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും മത്സ്യ അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും പ്രതീക്ഷ നൽകുന്നതാണ് ഫിഷറീസ് സബ് പ്ലാൻ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും നിലവിലെ അപകട ഇൻഷൂറൻസ് തുക പരിഷ്‌കരിക്കും. കുട്ടികൾക്കായി വിദ്യാഭ്യാസ സഹായം, രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകൾ, വനിതകൾക്ക് ഷീ സ്‌കൂട്ടറുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL