SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

17കാരനെ മർദിച്ച സംഭവം: ഓമല്ലൂരിലെ സ്ഥാപനത്തിനെതിരെ മുൻ ജീവനക്കാരി

കട്ടപ്പന: ഓമല്ലൂരിൽ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരി. ചെല്ലാർകോവിൽ സ്വദേശി ലിൻസിയാണ് സ്ഥാപനത്തിനെതിരെ വെളിപെടുത്തലുമായി രംഗത്തെത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന ചാർട്ടേഡ് അക്കൗണ്ടുകാരിയായ ഇവർ എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തു വരവെയാണ് സഭ നടത്തുന്ന ഓൺലൈൻ ലൈവ് കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. സെന്ററിന്റെ പ്രധാന നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടത്തിന്റ നിർദേശപ്രകാരം സി.എ ജോലി ഉപേക്ഷിച്ച് ഓമല്ലൂരിലെ സെന്ററിൽ മൂന്നു മാസങ്ങൾക്ക് മുമ്പെ ജോലിക്ക് ചെന്നെന്ന് യുവതി പറയുന്നു. ഇവരുടെ മൂന്നു കുട്ടികളുടെ പഠനവും ലിൻസിക്ക് മെച്ചപെട്ട ജോലിയുമായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കാതെ വരികയും അന്തേവാസികളടക്കമുള്ളവർക്ക് മോശം ഭക്ഷണം നൽകുന്നത് ചോദ്യം ചെയ്യുകയും ചെയ്തതോടെ നടത്തിപ്പുകാരുടെ കണ്ണിലെ കരടായി താൻ മാറി. മാനേജരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ജീവനക്കാർ വൃദ്ധരായ അന്തേവാസികളെയും ഇവരോടൊപ്പം താമസിപ്പിച്ചിരുന്ന അണക്കര സ്വദേശിയായ 17 കാരനെയും മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് യുവതി പറയുന്നു. കഴിഞ്ഞ ദിവസം 17 കാരനെ മുറിയിൽ പൂട്ടിയിട്ട് വായിൽ തുണി തിരുകിയതിന് ശേഷം പിടിച്ചു നിറുത്തി മുതുകിൽ ഇടിക്കുകയും ചൂരൽ ഒടിയുന്നതു വരെ മുതുകിലും തുടയിലും അടിച്ചു പരിക്കേൽപ്പിക്കുകയും മറ്റൊരു 15 കാരന്റ മുഖത്തും കണ്ണിലും കുരുമുളക് ലായനി പ്രയോഗിക്കുകയും കുട്ടികളുടെ തല കട്ടിലിൽ ഇടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം കുട്ടിയുടെ വിട്ടുകാരെ അറിയിച്ചത് ലിൻസിയായിരുന്നു. തുടർന്ന് പാസ്റ്റർ ബിനു വാഴമുട്ടം സ്ഥാപനത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ലിൻസിയായിരിക്കുമെന്ന് വെള്ള പേപ്പറിൽ എഴുതി നിർബന്ധിപ്പിച്ച് ഒപ്പിടുവിച്ച ശേഷം ഭീഷണി മുഴക്കി ഇവിടെ നിന്ന് പറഞ്ഞു വിടുകയായിരുന്നു. ഇതുസംബന്ധിച്ച് ലിൻസി കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. 17 കാരനെ മർദിച്ചവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ എതിർകക്ഷികളായ നാല് പേരും ഒളിവിൽ പോയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL