SignIn
Kerala Kaumudi Online
Sunday, 14 June 2026 3.56 AM IST

ഇറച്ചിക്കടകൾ അടഞ്ഞുതന്നെ ..... വിപണി കീഴടക്കി സുനാമി ഇറച്ചി

beef

കോട്ടയം : അറവുമാടുകളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള തടസം മാറ്റണമെന്നാവശ്യപ്പെട്ട് ഇറച്ചിക്കടകൾ അടച്ചുള്ള സമരം ജില്ലയിൽ ശക്തമായതോടെ സുനാമി ഇറച്ചി വിപണി കീഴടക്കുന്നു. ദിവസം രണ്ട് ലക്ഷം കിലോഗ്രാം സുനാമി ഇറച്ചി മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് അതിർത്തി വഴി കേരളത്തിൽ എത്തുന്നതായാണ് ഏകദേശ കണക്ക്. അയൽസംസ്ഥാനങ്ങളിൽ നിന്നു മത്സ്യങ്ങൾ കൊണ്ടുവരുന്ന ശീതീകരിച്ച വാഹനങ്ങളിൽ രോഗം ബാധിച്ച ചത്ത അറവുമാടുകളുടേതടക്കം ഇറച്ചി കൊണ്ടുവന്നിട്ടും ചെക്കുപോസ്റ്റുകളിൽ പരിശോധനയില്ല. ഹോട്ടൽ, തട്ടുകട, കാറ്ററിംഗ് സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ എന്നിവിടങ്ങളിൽ സുനാമി ഇറച്ചി എത്തുന്നതായാണ് പരാതി. . ഇറച്ചി ക്ഷാമത്തെ തുടർന്ന് മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ സുനാമി ഇറച്ചി സംഭരിക്കുന്നതിന് അനുമതി നൽകിയതായി ഇറച്ചി വ്യാപാരികളുടെ സംഘടന ആരോപിക്കുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലായി 700 ലധികം ഇറച്ചിക്കടകൾ ജൂൺ 12 മുതൽ പ്രവർത്തനം നിറുത്തിവച്ചിട്ടും മിക്ക ഹോട്ടലുകളിലും മാട്ടിറച്ചിക്കറിയുണ്ട്. കോൾ‌ഡ് സ്റ്റോറേജുകളിലും മാട്ടിറച്ചി ലഭ്യമാണ്. ഇറച്ചി ക്ഷാമത്തിന്റെ പേരിൽ ബീഫ് കറി, ബീഫ് ഫ്രൈ എന്നിവയുടെ വിലയും ഉയർന്നു.

കണ്ണടച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

മാട്ടിറച്ചി കിലോയ്ക്ക് 500 രൂപ വരെ വിലയുള്ളപ്പോൾ സുനാമി ഇറച്ചിയ്ക്ക് 300 രൂപയാണ്. കൃത്യമായ വിവരം നൽകിയാലും ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ് നടത്താറില്ലെന്നാണ് ആക്ഷേപം. അന്യസംസ്ഥാനങ്ങളിലെ സുനാമി ഇറച്ചി ലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കമ്മീഷൻ ഇടപാടാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പുലർച്ചെയാണ് സുനാമി ഇറച്ചിയുമായി വാഹനങ്ങൾ എത്തുന്നത്. ഈ സമയത്ത് റെയ്ഡ് ബുദ്ധിമുട്ടാണെന്നും, ആവശ്യത്തിന് ജീവനക്കാരില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.

ശരീരം ചൊറിഞ്ഞ് തടിക്കുന്നു

സുനാമി ഇറച്ചി ഉപയോഗിക്കുന്നവരുടെ ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കുന്നതായാണ് പരാതി. പഴകിയതും രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെയും ഇറച്ചി ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

''സുനാമി ഇറച്ചി എവിടെ നിന്നാണ് എത്തുന്നതെന്നും നിയമാനുസൃത പരിശോധനകൾ നടക്കുന്നുണ്ടോയെന്നും സമഗ്രമായി അന്വേഷിക്കണം.

എ.എ.സലീം (പ്രസിഡന്റ്, മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL