
പാറശാല: തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതും മലയോര തീരദേശ ദേശീയപാതകൾ ഒത്തുചേരുന്നതുമായ പാറശാലയിൽ ബസ് ടെർമിനൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കെ.എസ്.ആർ.ടി.സിയുടെയും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെയും വിവിധ ഡിപ്പോകളിൽ നിന്നുമെത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ പെരുവഴിയിൽ നിൽക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ സർക്കാരാണ് പാറശാല ബസ് ടെർമിനൽ നിർമ്മണത്തിന് തുടക്കമിട്ടത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചിട്ട് നാല് വർഷങ്ങൾ പിന്നിട്ടു. ഏറ്റെടുത്ത സ്ഥലം നിരത്തി വൃത്തിയാക്കി മെറ്റലുകളിട്ടിട്ടുണ്ടെന്നെല്ലാതെ ടെർമിനലുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മണ പ്രവർത്തനങ്ങൾ അനിശ്ചിതത്തിലാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ബസ് ടെർമിനൽ സ്ഥാപിക്കുന്നതിനായി മാറ്റിവച്ച രണ്ട് കോടിക്ക് പുറമെ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.
ഭൂമിയേറ്റെടുത്തു, നിർമ്മാണം വൈകുന്നു
ബസ് ടെർമിനൽ നിർമ്മാണത്തിനായി അടിയന്തര ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ സർക്കാർ അനുവദിച്ച 3കോടി ഉൾപ്പെടെ ആകെ 6കോടിയോളം രൂപ ചെലവിട്ടെന്നാണ് നിർമ്മാണവുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാറശാലയിൽ ദേശീയ പാതയോരത്ത് കാരാളി വളവിന് സമീപത്തായുള്ള പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമി ഉൾപ്പെട്ട 82സെന്റിന് പുറമെ സമീപത്ത് സ്വകാര്യവ്യക്തിയിൽ നിന്നും വിലകൊടുത്തു വാങ്ങിയ ഒന്നര ഏക്കറോളം ഭൂമിയും ഉൾപ്പെടുന്ന സ്ഥലത്താണ് ബസ് ടെർമിനൽ സ്ഥാപിക്കുന്നത്.
ഉദ്‌ഘാടനം മൂന്നാമത്തേത്
ബസ് ടെർമിനലിന് പുറമെ ഓഫീസ് സമുച്ചയങ്ങൾ, പെട്രോൾ പമ്പ് എന്നിവ ഉൾപ്പെടുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ബസ് ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഉദ്‌ഘാടനം കഴിഞ്ഞ് ഒരു വർഷത്തോളം പിന്നിട്ടു. പ്രദേശത്തുകൂടി കടന്ന് പോകുന്ന തോടിന് മുകളിലൂടെ ഒരു പാലം നിർമ്മിക്കുകയും ഭൂമി നിരപ്പാക്കിയ സ്ഥലത്ത് മെറ്റൽ പാകിയതുൾപ്പെടയുള്ള ജോലികൾ മാത്രമാണ് ഇതുവരെയും നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |