
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കൊഹ്ലി 2030 വരെ ടീമില്‍ തുടര്‍ന്നേക്കും. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ചുരുങ്ങിയത് താരം മൂന്ന് നാല് സീസണെങ്കിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം സിഇഒ രാജേഷ് മേനോന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് മുന്‍ നായകന്‍ ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ തുടര്‍ന്നും ആര്‍സിബിക്കായി കളിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും ആര്‍സിബിയെ ജേതാക്കളാക്കിയതില്‍ കൊഹ്ലിയുടെ പങ്കും വലുതാണ്.
2008ല്‍ ഐപിഎല്‍ ഒന്നാം സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമായ താരത്തിന് ടീമിനോടുള്ള പ്രതിബദ്ധത വളരെ വലുതാണെന്നും രാജേഷ് മേനോന്‍ പ്രശംസിച്ചു. അതേസമയം ഐപിഎല്‍ ഫൈനലില്‍ തകര്‍ത്തടിച്ച വിരാട് തൊട്ട് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതത് എന്നാണ് ബിസിസിഐ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
''ആര്‍സിബിയും വിരാടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. തുടക്കം മുതല്‍ ആര്‍സിബിയുടെ സ്ഥിരതയാര്‍ന്ന ഘടകമായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചാല്‍ പോലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമല്ലാതിരിക്കുന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്ക് അദ്ദേഹം ഉറപ്പായും കളിക്കളത്തിലുണ്ടാകും. കുറഞ്ഞത് നാല് വര്‍ഷമെങ്കിലും. അദ്ദേഹം പൂര്‍ണ്ണ ഫിറ്റാണ്, ആ വിജയദാഹം ഒരിക്കലും അവസാനിക്കുന്നില്ല. ഈ ഐപിഎല്‍ സീസണിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജവും റണ്‍സും മനോഭാവവുമെല്ലാം നിങ്ങള്‍ കണ്ടതാണ്. അതുകൊണ്ട് അടുത്ത മൂന്ന്-നാല് വര്‍ഷത്തേക്ക് യാതൊരു പ്രശ്നവുമില്ല.'' - രാജേഷ് മേനോന്‍ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |