
പീരുമേട്: വേനൽമഴയിലുണ്ടായ കുറവ് മൂലം ഹൈറേഞ്ചിൽ ഏലക്ക ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഉത്പാദനത്തിലുണ്ടായ ഈ ഇടിവ് വരും ദിവസങ്ങളിൽ വിപണിയിൽ ഏലക്കായുടെ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് കർഷകർ വിലയിരുത്തുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽമഴ കൃത്യമായി ലഭിക്കാത്തതാണ് ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ജൂൺ മാസത്തിൽ കർഷകർ ആദ്യ തവണ വിളവെടുപ്പ് നടത്തിയപ്പോൾ ലഭിച്ച ഏലക്കായുടെ അളവ് മുൻവർഷങ്ങളെ അപേക്ഷിച്ച് നാലിലൊന്നായി ചുരുങ്ങി. ഉത്പാദനത്തിൽ മാത്രമല്ല, ഏലക്കായുടെ ഗുണനിലവാരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ചരങ്ങളിൽ ഉണ്ടാകുന്ന കായകളുടെ എണ്ണവും വലിപ്പവും കുറഞ്ഞതിനൊപ്പം, ഏലക്കായ്ക്ക് ഉണ്ടാകേണ്ട ആകർഷകമായ പച്ചനിറം നഷ്ടപ്പെടുന്നതായും കർഷകർ പറയുന്നു.
ഏറ്റവും കൂടുതൽ ഏലക്ക ലഭിക്കേണ്ട ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും ഉത്പാദനം കുറയാനാണ് സാദ്ധ്യത. നിലവിൽ ക്രമംതെറ്റി പെയ്യുന്ന മഴ മൂലം പീരുമേട് മേഖലയിലെ ഒട്ടേറെ തോട്ടങ്ങളിൽ ഏലച്ചെടികൾക്ക് അഴുകൽ രോഗം പടർന്നുപിടിക്കുന്നത് കർഷകർക്ക് ഇരട്ടി പ്രഹരമായിട്ടുണ്ട്.
ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു
ഏലക്ക കൃഷിയും വിപണനവും കൂടുതൽ സുതാര്യമാക്കുന്നതിനായി സ്‌പൈസസ് ബോർഡ് ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 30 വരെ കർഷകർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി എല്ലാ ഏലം കർഷകരുടെയും തോട്ടങ്ങളുടെ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ കർഷകനും പ്രത്യേക തിരിച്ചറിയൽ നമ്പറും ലഭ്യമാക്കും. സ്‌പൈസസ് ബോർഡിന്റെ ലൈസൻസുള്ള ഡിപ്പോകളിൽ ഏലം ലേലം ചെയ്യുന്ന കർഷകർക്ക് പൂളിങ് നമ്പർ നിർബന്ധമാണ്. ഈ നമ്പർ ഉള്ളവർക്ക് മാത്രമേ ഓൺലൈൻ ലേല കേന്ദ്രങ്ങളിൽ ഇനി മുതൽ ഏലക്ക എത്തിക്കാൻ സാധിക്കൂ. കേരളത്തിലെ ഏലം കർഷകർ തങ്ങളുടെ തോട്ടങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ എത്രയും വേഗം തൊട്ടടുത്തുള്ള സ്‌പൈസസ് ബോർഡ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. പുതിയ സംവിധാനത്തിലൂടെ ഏലക്ക ഉത്പാദനത്തിന്റെ യഥാർത്ഥ വിവരങ്ങളും വിപണിയിലെ വരവും കൃത്യമായി അറിയാൻ സാധിക്കുമെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു.
വിപണിയിൽ റെക്കാഡ് വില
ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ ഏലക്കായ്ക്ക് മികച്ച വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വണ്ടൻമേട്ടിൽ സ്‌പൈസസ് ബോർഡ് നടത്തിയ ഏല ലേലത്തിൽ കർഷകന് ലഭിച്ച ഏറ്റവും ഉയർന്ന വില കിലോഗ്രാമിന് 3556 രൂപയാണ്. ശരാശരി 2585 രൂപ വരെ കർഷകർക്ക് വില ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |