
ഹൈദരാബാദ്: അമിതവേഗത്തിലെത്തിയ കെടിഎം ഡ്യൂക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി ഓടിച്ചിരുന്നയാൾ മരിച്ചു. ബൈക്കിന് പുറകിലിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ 2.15നായിരുന്നു സംഭവം. TS08KB6055 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബൈക്ക് തെലങ്കാന പൊലീസ് അക്കാഡമിയുടെ ഭാഗത്ത് നിന്ന് കാളി മന്ദിറിലേക്ക് പോകുകയായിരുന്നു ബൈക്ക്. അമിതവേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ആദ്യം റോഡിലുണ്ടായിരുന്ന പരസ്യ ബോർഡിൽ ഇടിച്ചുകയറി. ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് സൈബരാബാദിലെ നർസിംഗി ട്രാഫിക് പൊലീസ് പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പുറകിലിരുന്നയാളെ നിസാര പരിക്കുകളോടെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്‌മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ ബൈക്കിന്റെ പുറകിലിരുന്നയാൾ പകർത്തിയിരുന്നു. ഈ ദൃശ്യം പൊലീസിന് ലഭിച്ചു. ഇതേ വഴിയിൽ അപകടമുണ്ടാകുന്നത് പതിവാണെന്നും അതിനാൽ വാഹനങ്ങൾ മിതമായ വേഗതയിൽ സഞ്ചരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |