
ന്യൂഡൽഹി: ഫുഡ് ഗ്രേഡുള്ളതും തുരുമ്പെടുക്കാത്തതുമായ കത്തി, ബ്ളേഡ്, മുറിക്കാനുള്ള ഉപകരണങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യ വ്യാപാരികൾക്ക് നിർദേശം. ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്‌എസ്എഐ) ആണ് നിർദേശം നൽകിയത്.
തുരുമ്പെടുത്തതും നശിച്ചതുമായ ഉപകരണങ്ങൾ ചില ഭക്ഷ്യശാലകളിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഭക്ഷ്യവസ്തുക്കളുടെ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നും എഫ്എസ്‌എസ്എഐ ചൂണ്ടിക്കാട്ടുന്നു.
ഉപകരണങ്ങൾക്ക് പുറമെ പാത്രങ്ങൾ, ആഹാരം തയ്യാറാക്കുന്നതിനും പാക്കിംഗിനും സ്റ്റോറേജിനുമായി ഉപയോഗിക്കുന്ന പ്രതലങ്ങൾ എന്നിവ ഫുഡ് ഗ്രേഡുള്ളതും വിഷരഹിതമായതും തുരുമ്പെടുക്കാത്തതുമായ വസ്തുക്കൾ കൊണ്ട് നിർമിച്ചതുമായിരിക്കണം. മാത്രമല്ല ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കുകയും വേണം. മാത്രമല്ല, വിള്ളൽ വീണതും പൊട്ടിയതുമായ കത്തികളും ഉപകരണങ്ങളും പാത്രങ്ങളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
ഇടവിട്ടുള്ള സമയങ്ങളിൽ പാചക ഉപകരണങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |