SignIn
Kerala Kaumudi Online
Thursday, 18 June 2026 10.57 PM IST

ടെലിഗ്രാം നിരോധനത്തിന് പിന്നിൽ റിലയൻസ്? പ്രതികരണവുമായി കമ്പനി രംഗത്ത്

mukesh-ambani

ന്യൂഡൽഹി: മെസേജിംഗ് ആപ്പായ ടെലിഗ്രാമിന് കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ ഭാഗിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 21ന് നീറ്റ് പുന:പരീക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ 22 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ടെലിഗ്രാം ഉപയോഗിക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടസപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ജിയോ.

ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ (ബിജിപി) ഹൈജാക്കിംഗ് എന്നറിയപ്പെടുന്ന ഒരു സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപയോക്താക്കൾക്ക് ടെലിഗ്രാമിലേക്കുള്ള ആക്‌സസ്,​ റിലയൻസുമായി ബന്ധപ്പെട്ട ഒരു നെറ്റ്‌വർക്ക് തടസപ്പെടുത്തിയെന്നാണ് ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ഡുറോവ് ആരോപിച്ചത്.

യുഎഇ പോലുള്ള രാജ്യങ്ങളിലെ ടെലിഗ്രാം ട്രാഫിക്കിൽ ഇന്ത്യൻ ടെലികോം - ബന്ധിത സ്ഥാപനമായ ജിയോ ഇടപെടുന്നുവെന്ന് ഡുറോവ് ആരോപിച്ചിരുന്നു. തങ്ങൾക്ക് ഒരു റൂട്ടിംഗ് പ്രശ്നത്തിലും പങ്കില്ലെന്നാണ് ജിയോയുടെ പ്രതികരണം.

'എക്‌സിലെ സമീപകാല പോസ്റ്റുകൾ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെക്കുറിച്ചും ബിജിപി റൂട്ടിന്റെ തെറ്റായ കോൺഫിഗറേഷനെക്കുറിച്ചും ചില ഊഹാപോഹങ്ങൾക്ക് കാരണമായി. അത്തരമൊരു സംഭവത്തിൽ ജിയോ ഉൾപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.

ആഗോള ഇന്റർനെറ്റ് റൂട്ടിംഗ് മികച്ച രീതികൾക്കും വിശ്വാസ്യത, സുരക്ഷ, സുതാര്യത എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ജിയോ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്'- എന്നാണ് കമ്പനിയുടെ പ്രതികരണം.

'ബിജിപി ഹൈജാക്കിംഗ് എന്ന രീതിയിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ടെലിഗ്രാം ആക്‌സസ് റിലയൻസ് അട്ടിമറിക്കുകയാണ്. റിലയൻസ് ഒന്നിലധികം റിപ്പോർട്ടുകൾ അവഗണിച്ചതിനാൽ ഈ അട്ടിമറി മനഃപൂർവമാണെന്ന് കരുതുന്നു.

വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഭാഗിക ഉടമസ്ഥതയിലാണ് റിലയൻസ് എന്നതിനാൽ ഇതാരു മത്സര യുദ്ധത്തിന്റെ ഭാഗമായിരിക്കാം. റൂട്ട് ഹൈജാക്കുകൾ തടയുന്നതിനും സ്ഥിരമായ ഇന്റർനെറ്റ് ആക്‌സസ് ഉറപ്പാക്കുന്നതിനും റിലയൻസിന്റെ അനധികൃത ബിജിപി പ്രഖ്യാപനങ്ങൾ നിരസിക്കാൻ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുകയാണ്.

ആഗോള ഇന്റർനെറ്റ് റൂട്ടിംഗിന്റെ ഇത്തരം ദുരുപയോഗം ആശങ്കാജനകമാണ്. ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാനുള്ള സമീപകാല ലോബിയിംഗ് ശ്രമത്തിന് പിന്നിൽ റിലയൻസ്/വാട്ട്‌സ്ആപ്പ് ഉണ്ടെങ്കിൽ ഞാനതിൽ അത്ഭുതപ്പെടില്ല'- എന്നായിരുന്നു ടെലിഗ്രാം സിഇഒ കഴിഞ്ഞദിവസം ആരോപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RELIANCE, TELEGRAM BAN, JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360