
നെടുമങ്ങാട് : ''കുഞ്ഞുന്നാൾ തൊട്ടേ പുറത്തറിയണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നവനായിരുന്നു.അത്, ആന്റി റാഗിംഗ് ആപ്പ് വഴി ആവണമെന്നായിരിക്കണം നിയോഗം.പ്രതീക്ഷിച്ചതിനേക്കാളും വലിയ രീതിയിൽ വളർന്നുവെന്ന് ഇപ്പോൾ തോന്നുന്നു""-ഉള്ളിലിരമ്പുന്ന സങ്കടക്കടൽ മറച്ചു വച്ച് ഇടറുന്ന ശബ്ദത്തിൽ സിദ്ധാർത്ഥന്റെ അമ്മ ഷീബ
പറഞ്ഞു.
''അവൻ ഇനി ഞങ്ങളുടെ കുഞ്ഞെന്നു പറയാൻ പറ്റില്ല.ഇപ്പോൾ എല്ലാവരുടെയും കുഞ്ഞായി.വളർന്നു വന്നാൽ ചിലപ്പോൾ ഞങ്ങൾ മാത്രമേ അവനെ അറിയുമായിരുന്നുള്ളു.അല്ലെങ്കിൽ കുറച്ചൊരു സമൂഹത്തിൽ ഒതുങ്ങിപ്പോയേനെ..''- പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ,സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിനിരയായി മരിച്ച മകൻ സിദ്ധാർത്ഥന്റെ പേരിൽ കോളേജുകളിൽ ആന്റി റാഗിംഗ് ആപ്പ് ആരംഭിക്കാനും ആന്റി റാഗിംഗ് ആക്ട് കർശനമാക്കാനും സംസ്ഥാന ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതറിഞ്ഞ് 'കേരളകൗമുദി"യോട് പ്രതികരിക്കുകയായിരുന്നു ഷീബ.''കുഞ്ഞിനെ നഷ്ടമായിട്ട് രണ്ടു വർഷമായി.നീതിക്കായി മുട്ടാത്ത വാതിലുകളില്ല.ഒരു കുടുംബത്തിന് വേണ്ടിയല്ലല്ലോ.,എല്ലാ മക്കൾക്കും വേണ്ടി ഇങ്ങനെയൊരു തീരുമാനമെടുത്ത മുഖ്യമന്ത്രിയോട് ഏറെ ബഹുമാനവും നന്ദിയുമുണ്ട്.ആപ്പിലൂടെ കുട്ടികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഫലം കൂടി അവരെ അറിയിക്കണം..എത്ര ചെറിയ കാര്യമാണെങ്കിലും അതിന്റെ ഫലം,അവർക്ക് കാട്ടിക്കൊടുക്കണം.""-ഷീബ പറഞ്ഞു.
ബിഎഡ് ബിരുദദാരിയായ ഷീബ മകനു നീതി ഉറപ്പാക്കുന്നതിനായുള്ള പോരാട്ടത്തിലാണ്.മകന്റെ മരണത്തിനു ഉത്തരവാദികളായ കോളേജിലെ ഡീൻ നാരായണൻ, വാർഡൻ കാന്തനാഥൻ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് മണ്ണുത്തി ക്യാമ്പസിൽ നിയമനം നൽകിയ മുൻ സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.ഫോട്ടോഗ്രഫിയിലും ഫ്ളോഗ് സർവേയിലും പ്രതിഭയായിരുന്നു സിദ്ധാർത്ഥൻ. ഡോക്ടർ പഠനത്തിന് ചേർന്നിട്ട് ഒരു വർഷവും മൂന്ന് മാസവുമേ ആയിരുന്നുള്ളു.വീടു വയ്ക്കാനെടുത്ത നാല്പത് ലക്ഷത്തിന്റെ തവണ മുടങ്ങി ബാങ്ക് ഒഫ് ഇന്ത്യയിലും കെ.എസ്.എഫ്.ഇയിലുമായി വൻ തുക പിഴപ്പലിശയുണ്ട്. കടബാദ്ധ്യത പെരുകി. ഷീബയുടെ ഭർത്താവ് ജയപ്രകാശ് വീണ്ടും ദുബായിൽ ജോലി തേടിപ്പോയി.ഇളയ മകൻ പവൻ പ്ലസ്‌ടു പിന്നിട്ടു.സി.ബി.ഐ കുറ്റപത്രം നൽകിയ കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |