SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

വ്യവസായങ്ങൾക്കായി രണ്ടാം ഭൂപരിഷ്കരണം, ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും

READ ENGLISH VERSION

vd-satheeshsn

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഭൂപരിഷ്കരണം കർഷകർക്ക് ഭൂമിലഭ്യമാക്കാൻ ആയിരുന്നെങ്കിൽ, വി.ഡി.സതീശൻ സർക്കാർ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്കരണം

വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്താൻ. ഇതിനായി

ഭൂനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തും.

സർക്കാർ ഭൂമി ഉപയോഗിക്കാതെയോ ചുവപ്പുനാടയിൽ കുടുങ്ങിയോ കിടക്കുന്നുണ്ട്. ഈ അവസ്ഥ ഒഴിവാക്കാൻ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും.വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചമുള്ളതും ഉപയോഗിക്കാത്തതുമായ ഭൂമി ഉൾപ്പെടുത്തി ലാൻഡ് ബാങ്ക് സൃഷ്ടിക്കാൻ ലാൻഡ് മാനേജ്മെന്റ് ഫ്രെയിം വർക്ക് തയ്യാറാക്കും. അതിനായി നിയമനിർമ്മാണം നടത്തും.

വലിയ പദ്ധതികൾക്കായി ലാന്റ് പൂളിംഗ് ഫ്രെയിംവർക്ക് അവതരിപ്പിക്കും. ഭൂമി ഏറ്റെടുക്കൽ സമയബന്ധിതവും സുതാര്യവുമാക്കാൻ സർക്കാർ ഏജൻസികളായ കിൻഫ്രയെയും ഇൻകലിനെയും ശക്തിപ്പെടുത്തും.

ഭൂമിയുടെ ലഭ്യതക്കുറവ്, ഭൂമി സ്വായത്തമാക്കാനുള്ള പരിമിതികൾ, നിയമപരമായ വ്യക്തതയില്ലായ്മ തുടങ്ങിയ തടസങ്ങൾ പരിഹരിക്കും.

ഭൂമിയുടെ ന്യായവില
പുനഃപരിശോധിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പാകപ്പിഴകൾ ഒഴിവാക്കി പുനർനിശ്ചയിക്കും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കൃത്യമായ വിപണിവിവരങ്ങളുടെയും ഫീൽഡ് ഡേറ്റയുടെയും അടിസ്ഥാനത്തിലാവും പരിഷ്കരണം നടപ്പാക്കുകയെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.

ഭൂമി കൈമാറ്റത്തിന് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും നിശ്ചയിക്കുന്നത് ന്യായവില അടിസ്ഥാനമാക്കിയാണ്. പല പ്രദേശങ്ങളിലും ന്യായവില യഥാർത്ഥ വിപണി സാഹചര്യവുമായി ബന്ധമില്ലാത്ത തരത്തിലാണ്.

വഴി, പ്രദേശത്തിന്റെ വാണിജ്യ, വ്യാവസായിക പ്രാധാന്യം, നിലം, പുരയിടം, തോട്ടഭൂമി, അടുത്തുള്ള മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങി 12 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യായവില നിശ്ചയിക്കുന്നത്. മേൽനോട്ടം ആർ.ഡി.ഒയ്ക്ക് ആണെങ്കിലും വില്ലേജ് ഓഫീസർമാരെയാണ് ചുമതലപ്പെടുത്തുക. വില്ലേജ് ഓഫീസർമാരുടെ മൂല്യനിർണയം കൃത്യമാവാറില്ല. ന്യായവിലയെ ആധാരമാക്കി വസ്തു കൈമാറ്റത്തിന് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും നിശ്ചയിക്കുമ്പോൾ പലപ്പോഴും വിപണിവിലയേക്കാൾ കൂടി നിൽക്കും.

2010ൽ നടപ്പാക്കിയ ന്യായവില നിർണയവുമായി ബന്ധപ്പെട്ട് കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ പ്രകാരം നിരവധി അപ്പീലുകൾ തീർപ്പാകാതെയുണ്ട്. ഇത് തീർപ്പാക്കാൻ പ്രത്യേക അദാലത്തുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒക്ടോബർ 31 നകം എല്ലാ അപ്പീലും തീർപ്പാക്കുമെന്നും ബഡ്ജറ്റ് വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 27.7 കോടിയാണ് ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA