SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

എൻ.ആർ.എസ് ബാബു അന്തരിച്ചു

nrs-babu-

തിരുവനന്തപുരം: പ്രശസ്ത മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ് ബാബു (എൻ.ആർ. സുഭാഷ് ബാബു-84) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.സംസ്‌കാരം അമേരിക്കയിലുളള മകൻ എത്തിയശേഷം തിങ്കളാഴ്ച നടക്കും. മൃതദേഹം സ്വകാര്യ ആശുപ്രതി മോർച്ചറിയിൽ .

മലയാളത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ പുതുവഴി വെട്ടിത്തുറന്ന പ്രമുഖരിൽ ഒരാളാണ് . രാഷ്ട്രീയം,സാഹിത്യം, ശാസ്ത്രം, സിനിമ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ മികവോടെ കൈകാര്യം ചെയ്തിരുന്നു. വനം കുംഭകോണത്തെപ്പറ്റിയുള്ള കേരള കൗമുദി പരമ്പരയുടെ ശിൽപ്പികളിലൊരാൾ എൻ.ആർ.എസ് ആയിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയും കെ.ജി.അടിയോടി വനംമന്ത്രിയുമായിരുന്നപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്നത്. അടിയോടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'കാട്ടുകള്ളന്മാർ' എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രീയ റിപ്പോർട്ടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ് . ജല അതോറിറ്റി കുംഭകോണം, സെക്രട്ടേറിയറ്റ് ഫയൽ കുംഭകോണം തുടങ്ങിയ അന്വേഷണാത്മക റിപ്പോർട്ടുകളും കോളിളക്കം സൃഷ്ടിച്ചു.1980 ൽ നടന്ന സൂര്യഗ്രഹണത്തെക്കുറിച്ച് എഴുതിയ റിപ്പോർട്ട് ജേർണലിസം ക്ളാസുകളിൽ ഇന്നും പഠനവിഷയമാണ്.എത്ര സങ്കീർണമായ വിഷയവും അതിലളിതമായി പ്രതിപാദിക്കുന്ന പ്രതിഭയായിരുന്നു. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. വിദേശയാത്രാനുഭവങ്ങളെപ്പറ്റിയുള്ള 'ആകാശരേഖകൾ' എന്ന കൃതിയും ശ്രദ്ധിക്കപ്പട്ടു.

2005ൽ സജീവ പത്രപ്രവർത്തനത്തിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. പ്രമുഖ രാഷ്ട്രീയനേതാക്കളുമായി അടുത്തബന്ധമുണ്ടായിരുന്നു. മാദ്ധ്യമരംഗത്തടക്കം വലിയൊരു ശിഷ്യസമ്പത്തിന് ഉടമയാണ്.
മികച്ച അദ്ധ്യാപകനായിരുന്ന അദ്ദേഹം പത്രപ്രവർത്തകനാകുംമുമ്പ് ആറ്റിങ്ങലിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ മൾട്ടി മീഡിയ സോഫ്റ്റ്‌വെയർ കമ്പനികളിൽ ഒന്നായ 'ഇൻവിസി'ന്റെ സ്ഥാപക ചെയർമാനാണ്. സംസ്ഥാന സർക്കാർ മാദ്ധ്യമ അവാർഡ്, ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം, എസ്. ജയചന്ദ്രൻ നായർ സ്മാരക പ്രഥമപുരസ്‌കാരം, ശിവറാം അവാർഡ്, ഐ.വി ദാസ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഉമയാണ് ഭാര്യ. മക്കൾ: ശങ്കരനാരായണൻ (അമേരിക്ക), പരേതയായ ചിത്ര. എൻ.ആർ.എസ് ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA