SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.06 PM IST

മുഖ്യമന്ത്രിയെ 'അവൻ', 'ഇവൻ' എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല; ‌ വിമർശനവുമായി കെബി ഗണേശ് കുമാർ

READ ENGLISH VERSION
-ganesh-kumar-g-sukumaran

തിരുവനന്തപുരം: മുഖ്യമന്ത്രിപദവിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കെബി ഗണേശ് കുമാർ. ഏത് പാർട്ടിക്കാരായാലും മുഖ്യമന്ത്രിക്ക് നൽകേണ്ട മര്യാദ നൽകണം. അദ്ദേഹത്തെ 'അവൻ', 'ഇവൻ' എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുഖ്യമന്ത്രി വിഡി സതീശനെതിരെ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.

മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണമെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസില്ലായ്മയും തറവാടിത്തമില്ലായ്മയുമാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണെന്നും അദ്ദേഹത്തിന്റെ സമയം നൽകുന്നതിൽ ചില പരിമിതികൾ ഉണ്ടാകുമെന്നത് എല്ലാവരും മനസിലാക്കണം. മുൻപ് മന്ത്രിയായും എംഎൽഎയായും പ്രവർത്തിച്ച വേളകളിൽ പല മുഖ്യമന്ത്രിമാരുടെയും തിരക്കുകൾ താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


തന്റെ അഡ്രസ് കളയുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കും ഗണേശ് കുമാർ മറുപടി നൽകി. 'ആർ ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് എന്റെ അഡ്രസ്. പത്തൊൻപതാം വയസിൽ അഭിനയരംഗത്ത് എത്തി ലോകമറിയുന്ന കലാകാരനായി മാറി. കഴിഞ്ഞ 25 വർഷമായി പൊതുരംഗത്ത് സജീവമായി നിൽക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ജനങ്ങളുടെ ഔദാര്യം മാത്രമാണ് എനിക്കുള്ളത്. ഇത് മറ്റാരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞ വഴികളിലൂടെയോ ഉണ്ടായതല്ല. അതുകൊണ്ട് എന്റെ അഡ്രസ് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല.' - ഗണേശ് കുമാർപറഞ്ഞു.


മുഖ്യമന്ത്രി വി ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകാൻ സാദ്ധ്യതയില്ലെന്നാണ് ഗണേശ് കുമാറിന്റെ അഭിപ്രായം. കഴിഞ്ഞ 26 വർഷമായി സതീശൻ തനിക്ക് അടുത്തറിയാവുന്ന സുഹൃത്താണ്. എങ്കിലും സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ മുഖ്യമന്ത്രിയായി കണ്ട് ബഹുമാനിക്കുന്നതാണ് മര്യാദയെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESHKUMAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA