SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി  അത് സ്വകാര്യവത്കരണമല്ല

d

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അന്യസംസ്ഥാനങ്ങൾ സ്വകാര്യ നിക്ഷേപങ്ങൾക്ക് വേണ്ടി മത്സരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ കേരളത്തിൽ പൊതുമേഖലയ്ക്ക് മാത്രമായി ഒരിടത്തും നിക്ഷേപം നടത്താൻ കഴിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമ്പദ്ഘടനയെ പിടിച്ചുയർത്തുവാൻ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. ഇത് യു.ഡി.എഫിന്റെ നയമാണ്. സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സ്വകാര്യവത്കരണമല്ല. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ വളർച്ചയ്ക്കാണ് ശ്രമം. സർക്കാർ ഏജൻസികൾക്ക് പരിമിതികളുണ്ട്. സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല.

ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവത്കരിക്കില്ല. തങ്ങൾ അധികാരത്തിൽ വന്നത് കേരളത്തെ 25 വർഷം മുന്നിലേക്ക് കൊണ്ടുപോകാനാണ്. അല്ലാതെ വീണ്ടും 25 വർഷം പിന്നിലേക്ക് കൊണ്ടുപോകാനല്ല. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാതെ കേരളത്തിന് വരുമാനം ഉണ്ടാക്കാൻ കഴിയില്ല. അതിനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമാണ് പ്രഖ്യാപിച്ചത്.

കേന്ദ്ര വിരുദ്ധ പ്രഖ്യാപനം

നടത്താനല്ല ബഡ്ജറ്റ്

ജീവനക്കാർക്ക് കോടികളുടെ കുടിശിക വരുത്തിയത് പിണറായി സർക്കാരാണ്. അത് തങ്ങൾ കൃത്യമായി കൊടുത്തു തീർക്കുമെന്നാണ് പ്രഖ്യാപിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് കഴിഞ്ഞ സർക്കാർ നികുതി നിശ്ചയിച്ചിരുന്നില്ല. അത് നിശ്ചയിക്കുകയാണ് ബഡ്ജറ്റിൽ ചെയ്തത്. കേന്ദ്ര വിരുദ്ധ പ്രഖ്യാപനം നടത്താനല്ല ബഡ്ജറ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് സായാഹ്നത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പുന:പരിശോധിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികൾ നടപ്പാക്കാൻ

പ്രത്യേക സംവിധാനം

ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പ്രാവർത്തികമാക്കുന്നതിന് ഓരോ വകുപ്പുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും

അതിനായി ഒരു പ്രോട്ടോക്കോൾ തയ്യാറാക്കും. മിനറൽ കോറിഡോർ വഴി കേരളത്തിലെ ധാതുക്കൾ സുതാര്യമായ രീതിയിൽ വിനിയോഗിക്കാനാണ് തീരുമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA