
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് അടക്കം ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനവുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപ വകയിരുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ബഡ്ജറ്റ് പ്രസംഗത്തിൽ വിശദീകരിച്ചു.
'കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ അവസ്ഥ ഇപ്പോഴും ശോചനീയമായി തുടരുകയാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ഇതിനെല്ലാമായി 100 കോടി രൂപ സർക്കാർ വകയിരുത്തും'- മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാൻ 'റീച്ച് കേരള' എന്ന പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ആരോഗ്യം ആയുഷ് ടൂറിസം മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ തമ്മിലുളള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവിയും അവയ്ക്ക് എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണയും സർക്കാർ നൽകും.
അത്യാഹിതട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും 'ഗോൾഡൻ അവർ പ്രോജക്ട് നടപ്പിലാക്കും. പകർച്ച വ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനുമായി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കും. രോഗങ്ങൾ വരുന്നതിനു മുൻപു തന്നെ അവ കണ്ടെത്തി തടയുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തുന്നതിനുമായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും ബഡ്ജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |