SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി; അഞ്ച് ദിവസത്തിന് ശേഷം വിട്ടയച്ചു

തട്ടിക്കൊണ്ടുപോയത് 8ലക്ഷം രൂപയ്ക്കായി

കൊച്ചി: കൊച്ചിയിലെ പ്രമുഖ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് ബിസിനസുകാരന്റെ ഡ്രൈവറെ പൊലീസിന്റെ രഹസ്യ സ്‌ക്വാഡെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി. ബിസിനസുകാരനിൽ നിന്ന് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ അഞ്ച് ദിവസം ബന്ദിയാക്കി. പൊലീസിനെ വിവരമറിയിക്കരുതെന്ന് സംഘം ഭീഷണിപ്പെടുത്തിയെങ്കിലും, പരാതി ലഭിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതികൾ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു. പ്രതികൾ കോയമ്പത്തൂരിലേക്ക് മുങ്ങിയതായാണ് സൂചന. ഈമാസം ഒന്നിന് രാത്രിയാണ് തട്ടിക്കൊണ്ടുപോയത്.

കണ്ണൂർ സ്വദേശിയായ യുവാവ് നിലവിൽ പൊലീസിന്റെ സംരക്ഷണയിലാണെന്ന് വിവരമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാവിലെയാണ് ഡ്രൈവറെ വിട്ടയച്ചതെന്നാണ് വിവരം. ഷെമീർ (40), അജീഷ് (40) കണ്ടാലറിയുന്ന രണ്ടുപേർ എന്നിവർക്കായാണ് അന്വേഷണം. കോട്ടയത്ത് കോടതിയിലെ ഒരുകേസുമായി ബന്ധപ്പെട്ട് മടങ്ങുന്നതിനിടെയാണ് ബിസിനസുകാരൻ ആശുപത്രിയിലെത്തിയത്. പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

പൊലീസിന്റെ സ്ക്വാഡാണെന്ന് പറഞ്ഞായിരുന്നു സംഘം ബലപ്രയോഗത്തിലൂടെ യുവാവിനെ കാറിൽ കയറ്റിയത്. മകനെ കാണാതായതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അവസാന ലൊക്കേഷൻ കൊച്ചിയിലാണെന്ന് കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. അന്വേഷണത്തിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ടുവന്ന ഫോൺകോളിന്റെ ഉറവിടം തൃശൂരാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് പ്രതിയുടെ വീട്ടിലെത്തിയതോടെയാണ് സംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നത്.

ബിസിനസുകാരനും തട്ടിക്കൊണ്ടുപോകൽ സംഘവും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരം. തട്ടിക്കൊണ്ടുപോകലിന് മുമ്പ് ബിസിനസുകാരന്റെ കാറിൽ നിന്ന് മറ്റൊരു കാറിലേക്ക് ചാക്കിൽ പൊതിഞ്ഞനിലയിൽ ചില സാധനങ്ങൾ മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഹവാല ഇടപാടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL