SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

തെരുവുനായ്ക്കളുടെ നടുവിൽ പൂയപ്പള്ളി ജംഗ്ഷൻ

ഓയൂർ : പൂയപ്പള്ളി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാവിലെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾ മുതൽ ചികിത്സയ്ക്കെത്തുന്ന രോഗികളും പെൻഷൻ വാങ്ങാൻ എത്തുന്ന വയോധികരും ഉൾപ്പെടെയുള്ള സാധാരണക്കാർ വലിയ ഭയത്തോടെയാണ് ഇന്ന് ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. ഓരോ ദിവസവും തെരുവുനായ്ക്കളുടെ കൂട്ടങ്ങൾക്കിടയിലൂടെ വേണം പൊതുജനങ്ങൾക്ക് ഇവിടെ സഞ്ചരിക്കാൻ.

 കൂട്ടത്തോടെ തമ്പടിച്ച്

പൂയപ്പള്ളി ജംഗ്ഷൻ, ബസ് സ്റ്റോപ്പ്, പഞ്ചായത്ത് ഓഫീസ് പരിസരം, സബ് ട്രഷറി, ഗവ. ഹൈസ്കൂൾ, വിവിധ ബാങ്കുകൾ, ഗവ. ആയുർവേദ ആശുപത്രി തുടങ്ങി നൂറുകണക്കിന് ആളുകൾ ദിവസേന എത്തിച്ചേരുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ പത്തോളം പേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവം ജനങ്ങളുടെ മനസിൽ ഭീതി ഇരട്ടിയാക്കുന്നു.

 ഭയന്നോടി കുട്ടികൾ

ചില ദിവസങ്ങളിൽ നായ്ക്കളെ കണ്ട് ഭയന്നോടുന്ന കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും, വഴിനടക്കാൻ ഭയന്നു വിറച്ചുനിൽക്കുന്ന പ്രായമായവരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളാണെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ ജോലിക്കിടയിലും മനുഷ്യത്വത്തിന്റെ പേരിൽ ഓട്ടോ തൊഴിലാളികൾ ഈ ദൗത്യം ഏറ്റെടുക്കുമ്പോഴും, ഉത്തരവാദപ്പെട്ട അധികാരികൾ എവിടെയാണെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.

 അടിയന്തിര ഇടപെടൽ വേണം

കുട്ടികൾ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ സുരക്ഷിതമായി തിരികെ എത്തുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഇനി ഒരു ദുരന്തം സംഭവിച്ചതിന് ശേഷം മാത്രം നടപടിയെടുക്കാൻ കാത്തുനിൽക്കരുതെന്നാണ് പ്രദേശവാസികളുടെ അപേക്ഷ. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പും അടിയന്തിരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL